രാഹുൽ രാഷ്ട്രീയം വിടണം: ഹണി ഭാസ്കർ

Friday 22 August 2025 12:00 AM IST

തിരുവനന്തപുരം: പ്രവർത്തിക്കുന്ന പ്രസ്ഥാനത്തോട് ആത്മാർത്ഥത ശേഷിക്കുന്നുണ്ടെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുന്നതാണ് അന്തെസെന്ന് എഴുത്തുകാരി ഹണി ഭാസ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പ്രസക്തഭാഗങ്ങൾ: 'മാദ്ധ്യമങ്ങളിൽ പെൺവിഷയങ്ങളുമായി ബന്ധപ്പെട്ട് വാർത്തകൾ വരും വരെയും എനിക്ക് രാഷ്ട്രീയത്തിലെ നിങ്ങളുടെ ഒട്ടും മാതൃകാപരമല്ലാത്ത പ്രവൃത്തികളെ കുറിച്ചല്ലാതെ വ്യക്തിപരമായ വിഷയങ്ങളിൽ ധാരണ ഉണ്ടായിരുന്നില്ല. ഞാൻ ഓരോ യാത്ര പോയി വരുമ്പോഴും യാത്രാ സ്‌നേഹികൾ വിവരങ്ങൾ തിരക്കാറുണ്ട്. ഞാൻ പറയാറുമുണ്ട്. ശ്രീലങ്കൻ യാത്ര നടത്തുന്ന സമയം. നിങ്ങൾ അന്ന് എന്റെ ഇൻസ്റ്റ മെസ്സഞ്ചറിൽ ആദ്യമായി വന്നു. എന്റെ ഫോട്ടോയ്ക്ക് ഹൃദയം അയച്ച് കൊണ്ടായിരുന്നു യാത്രയുടെ വിവരങ്ങൾ തിരക്കിയത്. ശ്രീലങ്കയിൽ പോവാൻ നിങ്ങൾക്ക് പ്ലാൻ ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് ഒരു മുൻവിധിയും ഇല്ലാതെ നിങ്ങൾക്ക് ഞാൻ അതു വിശദീകരിച്ചു. രാവിലെ നോക്കിയപ്പോ നിങ്ങളുടെ മെസേജുകളുടെ തുടർച്ച കണ്ടു. ചാറ്റ് നിറുത്താൻ ഉദ്ദേശ്യമില്ലെന്ന് അതിൽ നിന്ന് എനിക്ക് കോഴിക്കാട്ടം മണത്തതിനാൽ റിപ്ലൈ തന്ന് നിങ്ങളെ പ്രോത്സാഹിപ്പിച്ചില്ല. അങ്ങനെ ആ ചാറ്റ് അവിടെ അവസാനിച്ചു. പലവിധത്തിൽ നിങ്ങളുടെ ചൂഷണ ശ്രമങ്ങളെ നേരിട്ട സ്ത്രീകൾ അനുഭവങ്ങൾ തുറന്നു പറഞ്ഞുകൊണ്ടിരിക്കെ അന്നത്തെ എന്റെ ധാരണ തെറ്റിയില്ലെന്ന് ബോദ്ധ്യം വന്നു. എങ്കിലും മാന്യമായി നടന്ന ഒരു സംഭാഷണത്തെ വച്ച് അധിക്ഷേപിക്കാൻ ഞാൻ മുതിർന്നില്ല. സ്ത്രീകളോട് അങ്ങോട്ട് പോയി മിണ്ടി, അവരുമായുള്ള സംഭാഷണങ്ങളെ മോശമായി ചിത്രീകരിച്ച് ആളാകുന്ന നിങ്ങളിലെ സൈക്കോയെ കൂടി ജനം അറിയേണ്ടതുണ്ട്. അതിനാണ് ഈ പോസ്റ്റ്.