ആരായാലും മുഖം നോക്കാതെ നടപടി: വി.ഡി.സതീശൻ
തിരുവനന്തപുരം: ഏതു നേതാവിനെതിരെ ഗുരുതര ആരോപണം ഉയർന്നാലും പാർട്ടി അത് ഗൗരവമായി പരിശോധിച്ച് മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ആരോപണം ഉന്നയിച്ച കുട്ടിയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നില്ല. എന്റെ മകളെപ്പോലുള്ള കുട്ടിയാണ് അവർ. ഗുരുതര കുറ്റകൃത്യം, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എത്ര വലിയ നേതാവായാലും മുഖം നോക്കാതെയാവും നടപടി. അതിന് ഞാൻ മുൻകൈയെടുക്കും.
ഇപ്പോൾ പറയുന്ന ആരോപണങ്ങൾ സംബന്ധിച്ച് ഒരു പരാതിയും പാർട്ടിക്ക് മുന്നിൽ വന്നിട്ടില്ല. വ്യക്തിപരമായി ആരും സമീപിച്ചിട്ടില്ല. സമീപിച്ചിരുന്നെങ്കിൽ നടപടി എടുക്കുമായിരുന്നു. ഇപ്പോൾ ഗൗരവതരമായ പരാതിയാണ് ഉയർന്നിരിക്കുന്നത്. അതിനനുസരിച്ച് നടപടിയെടുക്കും. അല്ലാതെ പാർട്ടി കോടതിയാകില്ല. ആരോപണ വിധേയനായ വ്യക്തിക്കും അയാളുടെ ഭാഗം പറയാനുള്ള അവകാശമുണ്ട്.
തെറ്റ് ചെയ്തവർ മാറി നിൽക്കണം: ആർ.വി.സ്നേഹ
ആലപ്പുഴ: തെറ്റ് ചെയ്തവർ ആരായാലും മാറി നിൽക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.സ്നേഹ അഭിപ്രായപ്പെട്ടു. സംഘടന ഇതിനോട് പ്രതികരിക്കണം. കുറ്റക്കാരൻ രാഹുലാണെന്ന് യുവതി തുറന്ന് പറഞ്ഞിട്ടില്ല. എന്നാൽ രാഹുലിന്റെ പേരുപറഞ്ഞാണ് ബി.ജെ.പി പ്രവർത്തകരടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും സ്നേഹ കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണം: ബി.ജെ.പി
തൃശൂർ: സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണൻ.സ്ത്രീത്വത്തെ അപമാനിച്ച രാഹുലിനെ സംരക്ഷിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത് ശരിയല്ല. ഇത്രയേറെ തെളിവുകൾ പുറത്തുവന്നിട്ടും എഫ്.ഐ.ആർ ഇടാൻ തയ്യാറാകാത്തത് പിണറായി വിജയനും സതീശനും തമ്മിലുള്ള രഹസ്യധാരണയാണ്. എം.എൽ.എ സ്ഥാനം രാജിവയ്ക്കുന്നത് വരെ ശക്തമായ പ്രതിഷേധ സമരങ്ങളുമായി ബി.ജെ.പി മുന്നോട്ടു പോകുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.