രാഹുലിന്റെ രാജിക്ക് വഴിവച്ചത് കൗമുദി മൂവീസിലെ അഭിമുഖം
കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്ക് വഴിതെളിച്ചത് കൗമുദി മൂവീസ് യൂ ട്യൂബ് ചാനലിൽ യുവനടി റിനി ആൻ ജോർജ് നടത്തിയ വെളിപ്പെടുത്തൽ. അശ്ളീലസന്ദേശം അയച്ചതുൾപ്പെടെ വിവരങ്ങൾ നിർഭയമായി റിനി വിവരിച്ചത് മുഖ്യധാരാ മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെ വൻവിവാദത്തിന് വഴിതുറക്കുകയായിരുന്നു. തുടർന്ന് കോൺഗ്രസ് രാഹുലിന്റെ രാജി ആവശ്യപ്പെട്ടു.
സിനിമയുമായി ബന്ധപ്പെട്ടാണ് റിനിയെ കൗമുദി മൂവീസ് സമീപിച്ചത്. സിനിമ മാത്രമല്ല, രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും താത്പര്യമുണ്ടെന്ന് റിനി അറിയിച്ചു. കൗമുദി മൂവീസിന് വേണ്ടി ചിത്ര ചന്ദ്രശേഖരനാണ് അഭിമുഖം നടത്തിയത്. യുവനേതാവിന്റെ പേരു പറയാതെ വ്യക്തതയോടെയും ഭയം തെല്ലുമില്ലാതെയുമാണ് റിനി സംസാരിച്ചതെന്ന് ചിത്രയും കൗമുദി മൂവീസിന്റെ സീനിയർ പ്രൊഡ്യൂസർ വീണ ശാന്തനുവും പറഞ്ഞു.
രാഷ്ട്രീയത്തിൽ താത്പര്യമുണ്ടെന്ന് റിനി പറഞ്ഞപ്പോഴാണ്, രാഷ്ട്രീയത്തിൽ വനിതകൾ നേരിടുന്ന വെല്ലുവിളികൾ എന്തെന്ന് ചോദിച്ചത്. യുവനേതാവിൽ നിന്ന് മോശമായ അനുഭവമുണ്ടായെന്ന് റിനി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി. മൂന്നരവർഷം മുമ്പാണ് നേതാവ് സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ടത്. പിന്നീട് അശ്ളീലസന്ദേശം അയച്ചു. തക്ക മറുപടിയും നൽകി.
യുവനേതാവിന്റെ പേര് ചോദിച്ചെങ്കിലും പറയാൻ താത്പര്യമില്ലെന്നായിരുന്നു മറുപടി. പേരുപറഞ്ഞ് വ്യക്തിപരമായി ആരെയും ഉപദ്രവിക്കാൻ താത്പര്യമില്ലെന്ന് ആവർത്തിച്ചു. ഷൂട്ടിംഗ് കഴിഞ്ഞ് 'ഓഫ് ദ റെക്കാഡ് " ആയി ചോദിച്ചപ്പോഴും പേര് പറയാൻ റിനി തയ്യാറായില്ല.
അഭിനയത്തിന് പുറമെ, അവതാരിക, മോഡൽ എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്. വടക്കൻ പറവൂർ സ്വദേശിയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെ കോൺഗ്രസിലെയും മറ്റു പാർട്ടികളിലെയും നേതാക്കളുമായി സൗഹൃദം സൂക്ഷിക്കുന്നുണ്ട്. കുഞ്ഞൂട്ടൻ 916 എന്ന സിനിമയിൽ ഗിന്നസ് പക്രുവിന്റെ നായികയായി അഭിനയിച്ചിരുന്നു.
പോരാട്ടം സ്ത്രീകൾക്ക് വേണ്ടിയെന്ന് യുവനടി
കൊച്ചി: ഏതെങ്കിലും വ്യക്തിയെ അടിസ്ഥാനമാക്കിയല്ല, സ്ത്രീകൾക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് യുവനടി റിനി ആൻ ജോർജ് പറഞ്ഞു. പേരെടുത്തു പറയാനോ, ആ രീതിയിൽ പോകാനോ താത്പര്യമില്ല. രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിനി. വെളിപ്പെടുത്തലിനെ തുടർന്ന് പലരും തന്നെ അധിക്ഷേപിക്കുന്ന സ്ഥിതിയുണ്ടായി. ഏതെങ്കിലും പാർട്ടി സ്പോൺസർ ചെയ്തതല്ലെന്ന് അറിഞ്ഞപ്പോൾ പരാതികളുമായി പലരും മുന്നോട്ടുവരുന്നുണ്ട്. തെറ്റായ പ്രവണതകളോടാണ് തന്റെ യുദ്ധം. രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണം എന്നതാണ് തന്റെ വിഷയം. നടപടി തീരുമാനിക്കേണ്ടത് പാർട്ടിയാണ്. ചില ഫോൺ സംഭാഷണങ്ങൾ പുറത്തുവരുന്നുണ്ട്. അവ ഗുരുതരമായ ആരോപണങ്ങളാണ്. യുവനേതാവിന് കാര്യങ്ങൾ ബോദ്ധ്യപ്പെട്ടിട്ടുണ്ടെങ്കിൽ നല്ലത്.