വി.സി നിയമനം: വിജ്ഞാപനം ഉടനെന്ന് മന്ത്രി
കോഴിക്കോട്: സർവകലാശാല വി.സി നിയമനം സംബന്ധിച്ച് കരട് തയ്യാറായിട്ടുണ്ടെന്നും വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നും മന്ത്രി ഡോ. ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. സുപ്രീംകോടതി നിരീക്ഷണത്തിന്റെയും വിധിയുടെയും അടിസ്ഥാനത്തിലാകുമിത്.വി.സി നിയമനത്തിൽ സംസ്ഥാന സർക്കാരിനുള്ള അധികാരത്തെയും അവകാശത്തെയും അടിവരയിട്ട് ഉറപ്പിക്കുന്നതാണ് കോടതിവിധി. സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെ പൊതുസർവകലാശാലകളുടെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെങ്കിൽ അവയിലെ താക്കോൽ സ്ഥാനങ്ങളിലുള്ള നിയമന ഉത്തരവാദിത്വവും അങ്ങനെതന്നെയാണ്. സംസ്ഥാന സർക്കാരുമായി കൂടിയാലോചന പോലും നടത്താതെ രാഷ്ട്രീയ പരിഗണന വച്ച്, അക്കാഡമിക വെെദഗ്ദ്ധ്യമോ ഭരണപരിചയമോ ഇല്ലാത്തവരെ നിയമിക്കുന്നത് ഭൂഷണമല്ലെന്നും പറഞ്ഞു.കാലിക്കറ്റ് വാഴ്സിറ്റിയിലെ മൾട്ടി ഡിസിപ്ളിനറി കോഴ്സുകളിൽ ഭാഷാവിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ലെന്ന ആരോപണത്തിൽ അടിസ്ഥാനമില്ല. ഭിന്നശേഷിക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ കാർഡിനുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന ആദ്യജില്ലയായി കോഴിക്കോടിനെ മന്ത്രി പ്രഖ്യാപിച്ചു.
ആഘോഷദിനങ്ങളിൽ സ്കൂളിൽ കളർ വസ്ത്രം ധരിക്കാം
തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓണം, ക്രിസ്മസ്, റംസാൻ ആഘോഷത്തിന് വിദ്യാർത്ഥികൾക്ക് വർണവസ്ത്രങ്ങൾ ധരിക്കാം. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. സ്കൂൾ പ്രവൃത്തി ദിനങ്ങളിൽ യൂണിഫോം നിർബന്ധമാണ്. എന്നാൽ സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ ആഘോഷപരിപാടികൾക്ക് യൂണിഫോമിൽ ഇളവ് നൽകണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ശ്രീനാരായണ ധർമ്മവൈദിക സംഘം ട്രസ്റ്റിന്റെ ജയന്തി ആഘോഷം
ശിവഗിരി : ശ്രീനാരായണ ധർമ്മ വൈദിക സംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന യോഗം 171-ാമത് ഗുരുദേവ ജയന്തി ആഘോഷിക്കാനും മഹാസമാധി ആചരിക്കാനും തീരുമാനിച്ചു. പ്രസിഡന്റ് മനോജ് തന്ത്രി അദ്ധ്യക്ഷത വഹിച്ചു. ഗുരുദേവ കല്പിത ആചാരാനുഷ്ഠാനങ്ങൾക്ക് വിരുദ്ധമായവ സമൂഹത്തിൽ വ്യാപകമാകുന്നതിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. വിവാഹ, മരണാനന്തര വേളകളിൽ ഗുരുദേവന്റെ ഉപദേശങ്ങൾക്ക് വിധേയമായി കർമ്മങ്ങൾ അനുഷ്ഠിക്കാൻ വൈദികരും ഭക്തരും തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഗുരുദേവൻ പ്രതിഷ്ഠാകർമ്മം നിർവഹിച്ച ക്ഷേത്രങ്ങൾ ഗുരുമാർഗ്ഗത്തിൽ നിന്നു വ്യതിചലിക്കരുതെന്നും യോഗം അഭ്യർത്ഥിച്ചു. ജനറൽസെക്രട്ടറി അനിൽകുമാർ ആനയറ, മുൻ ജനറൽസെക്രട്ടറി അരുവിപ്പുറം അശോകൻ ശാന്തി, ട്രഷറർ ശൈലജ, സുനിൽ ശാന്തി, ജെ.പി. കുളക്കട തുടങ്ങിയവർ സംസാരിച്ചു.
വയോസേവന അവാർഡ് : നോമിനേഷൻ സമർപ്പിക്കാം
തിരുവനന്തപുരം:സംസ്ഥാന വയോസേവന അവാർഡ് 2025ന് നോമിനേഷൻ ക്ഷണിച്ചു.സെപ്തംബർ 12നകം ലഭ്യമാക്കണം.വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വിവിധ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കുന്ന സർക്കാർ/സർക്കാരേതര വിഭാഗങ്ങൾക്കും വിവിധ കലാകായിക സാംസ്കാരിക മേഖലയിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും വേണ്ടി സാമൂഹ്യനീതിവകുപ്പ് ഏർപ്പെടുത്തിയതാണ് അവാർഡ്.സെപ്തംബർ 12നകം ലഭ്യമാക്കണം.കൂടുതൽ വിവരങ്ങൾക്ക്:www.swdkerala.gov.in, ഫോൺ: 0471- 2306040.
സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കയ്പ്പമംഗലം:റാവു ബഹദൂർ വി.വി.ഗോവിന്ദൻ സ്മാരക സമാജം സംസ്ഥാന അടിസ്ഥാനത്തിൽ ധീവര സമുദായത്തിലെ വിദ്യാർത്ഥികൾക്കായ് നൽകുന്ന സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ കഴിഞ്ഞ വർഷം പ്ലസ് ടു, വി.എച്ച്.എസ്.സി.പരീക്ഷകൾക്ക് എല്ലാ വിഷയത്തിലും ഫുൾ എ പ്ലസ് നേടിയവരും പഠനം തുടരുന്നവരുമായിരിക്കണം.വിവിധ കോഴ്സിൽ പ്രവേശനം ലഭിച്ചവർക്ക് മെറിറ്റിന്റെ അടിസ്ഥാനത്തിൽ സമ്മാനം ലഭിക്കും.എം.ബി.ബി.എസ് പ്രവേശനം ലഭിച്ചവർക്ക് ഡോ.പി.വി.ഗുഹരാജ് സ്മാരക ക്യാഷ് അവാർഡ് ലഭിക്കും.മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി,പഠിക്കുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രം,ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,ഫോൺ നമ്പർ പിൻ കോഡ് നമ്പർ എന്നിവ സഹിതം 2025 ഒക്ടോബർ 31 ന് മുമ്പായ് സമർപ്പിക്കണം. അയക്കേണ്ട വിലാസം:റാവു ബഹദൂർ വി.വി.ഗോവിന്ദൻ സ്മാരക സമാജം പി.ഒ.കയ്പമംഗലം ബീച്ച്.പിൻ: 680681.ഫോൺ നമ്പർ: 9645651465.