കേന്ദ്രത്തോട് സുപ്രീംകോടതി, 'ബില്ലുകൾ പിടിച്ചുവച്ചാൽ നോക്കി നിൽക്കണോ?'
ന്യൂഡൽഹി: നിയമസഭ പാസാക്കി അയയ്ക്കുന്ന ബില്ലുകൾ ഗവർണർ പിടിച്ചുവച്ചാൽ നിസഹായതയോടെ സുപ്രീംകോടതി നോക്കി നിൽക്കണമെന്നാണോ പറയുന്നതെന്ന് കേന്ദ്ര സർക്കാരിനോട് അഞ്ചംഗ ഭരണഘടനാ ബെഞ്ച്. ബില്ലുകളിൽ നടപടിയെടുക്കാതിരിക്കാൻ ഗവർണർക്ക് കഴിയുമെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം.
ഗവർണറിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിക്കാതെ ബില്ലുകളിൽ വർഷങ്ങളോളം തീരുമാനമെടുക്കാതെയിരുന്നാൽ അക്കാര്യം ജുഡിഷ്യൽ പരിശോധനയ്‌ക്ക് വിധേയമാക്കാൻ കഴിയില്ലേ. എത്ര ഉന്നത ഭരണഘടനാ പദവിയാണെങ്കിലും അവരുടെ ഉത്തരവാദിത്വം നിർവഹിച്ചില്ലെങ്കിൽ അതിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലേയെന്നും ചീഫ് ജസ്റ്റിസ് ഗവായ് ചോദിച്ചു.
ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച വിധിക്കു പിന്നാലെ രാഷ്ട്രപതി സുപ്രീംകോടതിക്ക് അയച്ച റഫറൻസ് നിലനിൽക്കുമോയെന്നതിൽ വാദം കേൾക്കുകയായിരുന്നു വിശാലബെഞ്ച്. വാദം കേൾക്കൽ 26ന് തുടരും.
'ഗവർണറെ തിരികെ
വിളിക്കാനാകും'
ജുഡിഷ്യറിക്ക് പരിഹരിക്കാൻ കഴിയാത്ത ചില പ്രശ്‌നങ്ങളുമുണ്ടെെന്ന് സോളിസിറ്റർ ജനറൽ വാദിച്ചു. അവ രാഷ്ട്രീയ ജനാധിപത്യ പ്രക്രിയയിലൂടെയാണ് പരിഹരിക്കേണ്ടത്. ഗവർണർ ബില്ലുകളിൽ അടയിരുന്നാൽ രാഷ്ട്രീയ പരിഹാരമുണ്ട്. സംസ്ഥാന സർക്കാരുകൾ ഓടി സുപ്രീംകോടതിയിലേക്കല്ല വരേണ്ടത്. മുഖ്യമന്ത്രിക്ക് രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കണ്ട് വിഷയമുന്നയിക്കാം. പരാതിയുയർന്നാൽ ഗവർണറെ തിരികെ വിളിക്കാൻ കഴിയും. പുതിയ ആളെ നിയമിക്കാനുമാകും. എന്തുകൊണ്ടാണ് അവരെ വിശ്വസിക്കാത്തത്. കോടതിക്ക് സമയപരിധി നിശ്ചയിക്കാനാകില്ലെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു. തങ്ങളുടെ മുന്നിൽ നാലു സംസ്ഥാനങ്ങളുടെ ഹർജിയുണ്ടെന്ന് ഇതിനോട് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.