കത്ത് വിവാദം ശുദ്ധ അസംബന്ധം: എം.വി. ഗോവിന്ദൻ

Friday 22 August 2025 12:00 AM IST

തിരുവനന്തപുരം: സി.പി.എം നേതാക്കളുടെയും മന്ത്രിമാരുടെയും സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ചെന്നൈ വ്യവസായി പി.ബിക്ക് നൽകിയ പരാതി ചോർന്നതുമായി ബന്ധപ്പെട്ട വിവാദം ശുദ്ധഅസംബന്ധമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആരോപണമുന്നയിച്ചവർക്കെതിരെ നിയമനടപടിയെടുക്കും. തനിക്കും മകനും അത്തരം ബന്ധങ്ങളില്ല. വ്യ​വ​സാ​യി​ രാ​ജേ​ഷ് ​കൃ​ഷ്ണ​ കേരളത്തിലെ പാർട്ടി അംഗമല്ല. ജോലിയും പ്രവർത്തനവും ഇംഗ്ലണ്ടിലായതിനാൽ അവിടത്തെ പാർട്ടി സംവിധാനത്തിന്റെ ഭാഗമാണ്. രാജേഷിനെതിരായ ആരോപണങ്ങൾ അന്വേഷിക്കേണ്ടത് പാർട്ടി കേന്ദ്രനേതൃത്വമാണ്. കേന്ദ്രകമ്മിറ്റിയുടെ കീഴിലുള്ള സംഘടനാ സംവിധാനമാണ് ഇംഗ്ലണ്ടിലുള്ളത്. അസംബന്ധമായ കത്തിനുമേൽ ഇടപെടേണ്ട കാര്യം പാർട്ടിക്കില്ല. രാജേഷിനെതിരായ പാർട്ടി നിലപാട് പി.ബി സ്വീകരിക്കും. അദ്ദേഹത്തിന് ഒരു സംരക്ഷണവും നൽകുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പുവരെ പാർട്ടിക്കും സർക്കാരിനുമെതിരെ കടന്നാക്രമണത്തിനാണ് ശ്രമം. ഇതിന്റെ ഭാഗമായാണ് ഈ ആരോപണങ്ങൾ. രണ്ട് വ്യവസായികൾ തമ്മിലുള്ള പ്രശ്നത്തെ പാർട്ടിയിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമില്ല. ഇപ്പോഴുയരുന്ന ഒറ്റ ആരോപണത്തിലും കഴമ്പില്ല. ഞങ്ങൾക്ക് ഒന്നും മറച്ചുവയ്ക്കാനുമില്ല- ഗോവിന്ദൻ പറഞ്ഞു.