പുത്തൻ ഡിസൈനിൽ സ്കൂൾ യൂണിഫോമുകൾ വിപണിയിലെത്തുമെന്ന് പി.രാജീവ്

Friday 22 August 2025 12:55 AM IST

തിരുവനന്തപുരം: പുത്തൻ ഡിസൈനിലുള്ള കൈത്തറി സ്കൂൾ യൂണിഫോമുകൾ വിപണിയിലെത്തിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. പാളയം എൽ.എം.എസ് ഫെയർ ഗ്രൗണ്ടിൽ നടന്ന സംസ്ഥാന കൈത്തറി വസ്ത്ര പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ടെക്സ്റ്റയിൽസ് മന്ത്രാലയം, വീവേഴ്സ് സർവീസ് സെന്റർ, കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം, കൈത്തറി വികസന സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വിപണന മേള സെപ്തംബർ 4 വരെയാണ്. മന്ത്രി ജി.ആർ.അനിൽ മുഖ്യാതിഥിയായി. കൈത്തറി വസ്ത്ര ഡയറക്ടർ ഡോ.കെ.എസ്.കൃപകുമാർ, ഹാന്റെക്സ് കൺവീനർ പി.വി രവീന്ദ്രൻ, കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ, കൈത്തറി സഹകരണ സംഘം അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എം.ബഷീർ, കൈത്തറി തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.സുബോധൻ.ജി, പി.ഗോപിനാഥൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ദിനേഷ്.ആർ എന്നിവർ പങ്കെടുത്തു.