ഉപഭോക്താക്കളുടെ അരികിലേക്ക് കയർഫെഡ് ജീവനക്കാർ
ആലപ്പുഴ : കയർഫെഡ് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഉപഭോക്താക്കളെ തേടി വീടുകളിലെത്തുന്ന പദ്ധതിയുടെ നോട്ടീസ് പ്രകാശനം കയർഫെഡ് പ്രസിഡന്റ് ടി.കെ.ദേവകുമാറിന്റെ സാന്നിദ്ധ്യത്തിൽ ആലപ്പുഴ ജില്ല കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ "ഒരു വീട്ടിൽ ഒരു കയർ ഉത്പന്നം" എന്ന ക്യാമ്പയിന്റെ ഭാഗമായി നടന്ന ചടങ്ങിൽ കയർഫെഡ് വൈസ് പ്രസിഡന്റ് ആർ.സുരേഷ്, മാനേജിംഗ് ഡയറക്ടർ എം. കെ.ശശികുമാർ, ജനറൽ മാനേജർ അജാക്സ് വി, മാർക്കറ്റിംഗ് മാനേജർ അനുരാജ്. എം,പി പ്രജീഷ് എന്നിവർ പങ്കെടുത്തു. ഓണം ക്യാമ്പയിന്റെ ഭാഗമായാണ് ഉപഭോക്താക്കളുടെ വീടുകളിലെത്തുന്നത്. കയർഫെഡിന്റെ പ്രകൃതിസൗഹൃദ കയർ ഉൽപ്പന്നങ്ങൾ പ്രത്യേക വിലക്കിഴിവിൽ നൽകും. ഉപഭോക്താക്കൾക്ക് സംസ്ഥാനത്തൊട്ടാകെയുള്ള ഷോറൂമുകൾ, ഏജൻസികൾ, അംഗസംഘങ്ങൾ, സഞ്ചരിക്കുന്ന വിപണന ശാലകൾ എന്നിവയിലൂടെ ഉത്പന്നങ്ങൾ വാങ്ങാം. കയർഫെഡിന്റെ ഓൺലൈൻ സംവിധാനത്തിലൂടെയും ഉത്പന്നങ്ങൾ വാങ്ങാം.
ഓണം വിപണന പദ്ധതി കാലയളവിൽ 2000 രൂപയ്ക്ക് മുകളിലുള്ള ഓരോ പർച്ചേസിനും ഒരു ബില്ലിന് ഒരു കൂപ്പൺ വീതം നൽകും. നറുക്കെടുപ്പിലൂടെ വിജയിക്കുന്ന ഭാഗ്യശാലികൾക്ക് എൽ.ഇ.ഡി സ്മാർട്ട് ടിവി, റെഫ്രിജറേറ്റർ, മൈക്രോവേവ് ഒവൻ, 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ സമ്മാനമായി ലഭിക്കും.