ഡ്രൈവറില്ലാത്ത കുഞ്ഞൻ ടാക്സികൾ മുംബയിലെത്തുന്നു

Friday 22 August 2025 12:57 AM IST

പ്രത്യേകം നിർമ്മിച്ച ഗതാഗത കുരുക്കില്ലാത്ത റോഡിൽ യാത്ര

കൊച്ചി: സ്ഥിരം യാത്രക്കാർക്ക് കുറഞ്ഞദൂരം തടസങ്ങളില്ലാതെ സഞ്ചരിക്കാവുന്ന ഡ്രൈവറില്ലാത്ത ഇലക്ട്രിക് വാഹനമായ പോഡ് ടാക്സികൾ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്നു. കെട്ടിടങ്ങളിലെ ലിഫ്റ്റിൽ നിയന്ത്രിക്കുന്നതുപോലെ അതിൽ കയറാനും ഇറങ്ങാനും കഴിയും. മുംബയിലെ ബാന്ദ്ര - കുർള 8.8 കിലോമീറ്റർ ദൂരത്തിലാണ് പോഡ്ടാക്സി നിരത്തിലെത്തുന്നത്. ന്യൂഡൽഹിക്കടുത്ത് നോയിഡയിലും മറ്റ് മെട്രോനഗരങ്ങളിലും പദ്ധതി നടപ്പാക്കാൻ ആലോചനയുണ്ട്. എട്ടു മീറ്റർ ഉയരത്തിൽ വീതി കുറഞ്ഞ രണ്ടുവരി റോഡ് നിർമ്മിക്കാനാണ് പദ്ധതി.

ആറ് സീറ്റുള്ള വാഹനം യാത്രക്കാർ തന്നെ മൂന്ന് ബട്ടണുള്ള ടച്ച് സ്ക്രീൻവഴി നിയന്ത്രിക്കണം. വാഹനം തുറക്കാനും അടയ്ക്കാനും ഓരോന്നും നിൽക്കാനും നീങ്ങാനും ഒരു ബട്ടണും ഉണ്ടാവും.

ഓട്ടോമേറ്റഡ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം എന്ന ഗണത്തിൽപ്പെടുന്ന ഇവയ്ക്ക് 40 കിലോമീറ്ററാണ് വേഗപരിധി.

മലിനീകരണവും വാഹനത്തിരക്ക് കാരണമുള്ള അപകടങ്ങളും കുറയ്ക്കാനാകും. മുംബയിൽ കണ്ടൽ കാട് വെട്ടേണ്ടതിനാൽ കോസ്റ്റൽ അതോറിറ്റിയുടെ അനുമതി വേണ്ടിവന്നു.

പോഡിന്റെ വില 50 ലക്ഷം

1970കളിൽ വെസ്റ്റ് വെർജീനിയ യൂണിവേഴ്സിറ്റിയാണ് യാത്രാ പോഡുകൾ വികസിപ്പിച്ചത്. ദുബായ്, അബുദാബി നഗരങ്ങളിലും ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലും പരിമിതമായി ഉപയോഗത്തിലുണ്ട്. ഹീത്രുവിലെ കമ്പനിയാണ് ഇവിടെയും നടപ്പാക്കുന്നത്. ഒന്നിന്റെ വില 50 ലക്ഷം രൂപ.

മുംബയിലെ

മുതൽ മുടക്ക്

1016 കോടി

2027ൽ പദ്ധതി പൂർത്തിയാകും

4-6 ലക്ഷം പ്രതിദിന യാത്രക്കാർ

കിലോമീറ്ററിന്

യാത്രാ നിരക്ക്

21 രൂപ

പോഡിന്റെ നീളം

3.5 മീറ്റ‌ർ

വീതി

1.47 മീ:

ഉയരം

1.8.മീ.