യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ : 4 നേതാക്കൾക്ക് സാദ്ധ്യത
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതോടെ ഒഴിവുവന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് നാല് നേതാക്കളെ പരിഗണിക്കാൻ സാദ്ധ്യത. സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻവർക്കി, ദേശീയ സെക്രട്ടറി ബിനുചുള്ളിയിൽ, കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ജെ.ജനീഷ് എന്നിവർക്കാണ് മുൻഗണന.
ഒരു വർഷത്തിനുള്ളിൽ നിലവിലെ
സംസ്ഥാന അദ്ധ്യക്ഷന്റെ കാലാവധി അവസാനിക്കും. അതിനാൽ താത്കാലിക ചുമതലയാവും നൽകുക. എങ്കിലും എല്ലാവിധ പരിഗണനകളും പുലർത്തിയാവും ദേശീയ നേതൃത്വം തീരുമാനമെടുക്കുക.
രണ്ട് വർഷം മുമ്പ് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രാഹുലിനെതിരെ മത്സരിച്ച അബിൻവർക്കി രണ്ടാംസ്ഥാനത്തെത്തിയിരുന്നു. അന്ന് വ്യാജതിരിച്ചറിയൽ കാർഡുപയോഗിച്ച് വോട്ടിംഗിൽ കൃത്രിമം കാട്ടിയെന്ന ആരോപണം രാഹുലിനെതിരെ ഉയർന്നിരുന്നു. അതിനാൽ, അബിൻവർക്കിക്ക് പ്രാധാന്യം കിട്ടിയേക്കാമെങ്കിലും കെ.പി.സി.സി, മഹിളാ കോൺഗ്രസ്, കെ.എസ്.യു അദ്ധ്യക്ഷ സ്ഥാനങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരായതിനാൽ സാദ്ധ്യത മങ്ങിയേക്കാം.
അടുത്ത സാദ്ധ്യത ബിനുചുള്ളിയിലിനാണ്. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് സമയത്ത് യഥാർത്ഥത്തിൽ വിജയ സാദ്ധ്യത ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ബിനു. നേതാക്കൾ ബിനുവിനെ മത്സരത്തിൽ നിന്നു പിൻതിരിപ്പിക്കുകയായിരുന്നു. പിന്നീട് ദേശീയ സെക്രട്ടറിയാക്കി. അടുത്ത സാദ്ധ്യത ജനീഷിനാണ്. കെ.സി.വേണുഗോപാലുമായുള്ള അടുപ്പവും ഗുണകരമാവാം.
മുൻപ് ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള നേതാക്കളുമായി അടുപ്പം പുലർത്തിയിരുന്ന കെ.എം.അഭിജിത്തിനാണ് മറ്റൊരു സാദ്ധ്യത.