കേരളത്തിലെ സാധാരണക്കാരുടെ കടം കൂടുന്നു; പ്രധാന കാരണങ്ങള്‍ ഇവയെല്ലാമാണ്

Thursday 21 August 2025 11:23 PM IST

പണം എത്ര ചെലവാക്കേണ്ടി വന്നാലും അന്തസ്സ് വിട്ടൊരു കളിക്ക് മലയാളിയെ കിട്ടില്ല. അതിപ്പോ കടം വാങ്ങിയാണെങ്കിലും കാര്യം നടത്തുകയെന്നതാണ് ഭൂരിഭാഗം ആളുകളുടേയും ശീലം. അടുത്തിടെ പുറത്ത് വന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതനുസരിച്ച് കേരളത്തില്‍ സാധാരണക്കാരുടെ കടം പെരുകുകയാണ്. ഒരാളുടെ ശമ്പളം കൊണ്ട് ഒരു കുടുംബം കഴിഞ്ഞിരുന്ന പഴയകാലമൊക്കെ മാറി. ഇന്ന് ഭാര്യക്കും ഭര്‍ത്താവിനും ജോലിയുണ്ടെങ്കില്‍പ്പോലും കടബാദ്ധ്യത ഒഴിവാക്കാന്‍ പെടാപ്പാടുപെടുകയാണ് മിക്ക സാധാരണ കുടുംബങ്ങളും.

എന്തുകൊണ്ടായിരിക്കും മലയാളിയുടെ കടം പെരുകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? മാന്യമായ ശമ്പളം ലഭിച്ചാല്‍ പോലും മാസം പകുതി പിന്നിടുന്നതിന് മുമ്പ് ക്രെഡിറ്റ് കാര്‍ഡ് വെച്ചുള്ള കടമെടുപ്പും പരിചയക്കാരില്‍ നിന്ന് കടം വാങ്ങിക്കലുമെല്ലാം തുടങ്ങിയിരിക്കും. സാമ്പത്തികമായ അച്ചടക്കമില്ലായ്മയോ അല്ലെങ്കില്‍ വരവില്‍ കവിഞ്ഞ ചെലവോ മാത്രമല്ല വില്ലനെന്നതാണ് ഞെട്ടിപ്പിക്കുന്നത്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കിയാല്‍ പോലും പണച്ചെലവ് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുന്നതാണ് മിക്ക ഇടത്തരം കുടുംബങ്ങളുടേയും അവസ്ഥ.

ഭൂമി വാങ്ങാനും വീട് പണിയാനും എടുക്കുന്ന വായ്പയാണ് കടം പെരുകുന്നതിന് പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട കാരണം. മക്കളുടെ ഉന്നത വിദ്യാഭ്യാസം വിദേശ സര്‍വകലാശാലകളിലെ പഠനം എന്നിവയ്ക്കായി എടുക്കുന്ന വായ്പയാണ് രണ്ടാമത്തെ പ്രധാന കാരണം. മക്കളുടെ വിവാഹം ആര്‍ഭാടപൂര്‍വം നടത്തി കടപ്പെട്ട് പോകുന്നവരുടെ എണ്ണവും തീരെ കുറവല്ല. ആയുസിലെ സമ്പാദ്യം മുഴുവനുമെടുത്താണ് മക്കളുടെ കല്യാണം പലരും നടത്തുന്നത്. പെണ്‍കുട്ടികളുടെ മാതാപിതാക്കളാണ് ഇതില്‍ നല്ലൊരു ശതമാനവും.

വീട് നിര്‍മിക്കാനും, വിദ്യാഭ്യാസ ആവശ്യത്തിനും വിവാഹം നടത്തിപ്പിനുമൊക്കെ ബാങ്കുകള്‍ വായ്പ നല്‍കുമെങ്കിലും പലിശയിനത്തില്‍ വലിയ തുകയാണ് ഈടാക്കുന്നത്. നിനച്ചിരിക്കാതെ ആരോഗ്യസ്ഥിതിയില്‍ പ്രശ്‌നങ്ങളുണ്ടായി ലോണ്‍ തിരിച്ചടവ് മുടങ്ങിയാല്‍ പലിശയും അതിന്റെ കൂട്ടപലിശയും ചേര്‍ന്ന് ജീവിതകാലം മുഴുവന്‍ അടയ്ക്കാനുള്ള തുകയായി അത് പെരുകുകയും ചെയ്യും. സാമ്പത്തികമായി ഉണ്ടാകുന്ന ഈ അരക്ഷിതാവസ്ഥ കുടുംബ ബന്ധങ്ങളില്‍ പോലും വലിയ വിള്ളലുണ്ടാക്കുന്നുവെന്നതാണ് സാമൂഹിക സ്ഥിതി.