പാർട്ടിയെ കുഴക്കി നാണംകെട്ട വീഴ്ച, യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞ് രാഹുൽ
തിരുവനന്തപുരം: തീപ്പൊരി യുവത്വമായി ഉയർന്ന രാഹുൽ മാങ്കൂട്ടത്തിൽ സ്ത്രീലമ്പടൻ ആക്ഷേപത്തിൽ കുടുങ്ങി വീണത് സംസ്ഥാന കോൺഗ്രസിന് അപ്രതീക്ഷിത പ്രഹരമായി. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കവേ പ്രത്യേകിച്ചും. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവയ്പിച്ചതോടെ നാണക്കേടിൽ നിന്ന് തടിയൂരാനാകുമെന്ന കണക്കുകൂട്ടലിലാണ് പാർട്ടി നേതൃത്വം. അതേസമയം, രാഹുൽ എം.എൽ.എ സ്ഥാനവും ഒഴിയണമെന്ന ആവശ്യം പ്രതിപക്ഷത്ത് മാത്രമല്ല പൊതുസമൂഹത്തിലും ശക്തമാണ്. അതിനിടെ, ഗർഭച്ഛിദ്രത്തിന് സമ്മർദ്ദം ചെലുത്തിയ രാഹുലിനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസിലും ബാലാവകാശ കമ്മിഷനിലും ഹൈക്കോടതി അഭിഭാഷകൻ ഷിന്റോ സെബാസ്റ്റ്യൻ പരാതി നൽകി. കേസിലേക്കും കോടതിയിലേക്കും കാര്യങ്ങൾ പോയാൽ പാർട്ടിക്കത് വെല്ലുവിളിയാകും. അശ്ലീല സന്ദേശമയച്ചെന്ന് കൗമുദി യൂട്യൂബ് ചാനലിൽ യുവനടിയുടെ വെളിപ്പെടുത്തൽ, ഗർഭഛിദ്രത്തിന് യുവതിയെ നിർബന്ധിച്ചെന്ന തരത്തിലുള്ള ഫോൺസംഭാഷണം, സ്ത്രീകളോടുള്ള അശ്ളീല വാട്സാപ്പ് ചാറ്റുകൾ... ഇത്തരത്തിൽ കൂട്ടത്തോടെ ആരോപണമുയർന്നതോടെ മുതിർന്ന നേതാക്കൾ കൈവിട്ടു. കോൺഗ്രസ് ഹൈക്കമാൻഡ് നിലപാട് കടുപ്പിച്ചതോടെ ഗത്യന്തരമില്ലാതെയാണ് രാജിവച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുൾപ്പെടെയുള്ളവരുമായി എ.ഐ.സി.സി നേതാക്കൾ സ്ഥിതിഗതി ചർച്ച ചെയ്തു. രാഹുലിന്റെ രാജി വേണമെന്ന നിലപാട് എ.ഐ.സി.സി എടുത്തതോടെ സംസ്ഥാന നേതൃത്വം വഴങ്ങി. ഇതോടെ എല്ലാ വഴികളും അടഞ്ഞു. യുവനേതാക്കൾക്ക് കലവറയില്ലാത്ത പ്രോത്സാഹനം നൽകുന്ന വി.ഡി.സതീശനും കടുത്ത നിലപാടെടുത്തു. ഇന്നലെ നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം പോലും അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നു. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇന്നലെ രാവിലെ പറഞ്ഞ കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് പിന്നീട് നിശബ്ദനായി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്തുള്ള നടപടിയാണ് രമേശ് ചെന്നിത്തല നിർദ്ദേശിച്ചത്.
ഗർഭം അലസിപ്പിക്കാൻ
നിർബന്ധിച്ചതും പുറത്ത്
ഗർഭം അലസിപ്പിക്കാൻ യുവതിയെ രാഹുൽ നിർബന്ധിച്ചു എന്ന ഗുരുതര ആരോപണത്തിന്റെ തെളിവാണ് പുറത്തുവന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളാണ് ഇന്നലെ പ്രചരിച്ചത്. യുവതിയുടെ സ്വകാര്യത പരിഗണിച്ച് സാങ്കേതിക സഹായത്തോടെ ശബ്ദത്തിൽ മാറ്രം വരുത്തിയാണ് സംഭാഷണം പുറത്തു വന്നിട്ടുള്ളത്. ചില വാട്സ്ആപ്പ് ചാറ്റുകളും പ്രചരിക്കുന്നുണ്ട്.
ഹൈക്കമാൻഡിന് പരാതി
നേരത്തേ കിട്ടി
യുവനേതാവ് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന് പേരു വെളിപ്പെടുത്താതെയുള്ള നടിയുടെ ആരോപണം കെട്ടടങ്ങുമെന്ന് പാർട്ടി കരുതി. പക്ഷേ, മറ്റുചില സംഭാഷണങ്ങൾ കൂടി പ്രചരിച്ചതോടെ വിവാദം കനത്തു
രാഹുലിനെതിരെ എ.ഐ.സി.സി നേതൃത്വത്തിനും നേരത്തേ പരാതി ലഭിച്ചിരുന്നു. ആരോപണങ്ങൾ ഇന്നലെ ദേശീയ മാദ്ധ്യമങ്ങളിലും വാർത്തയായതോടെ ഹൈക്കമാൻഡ് നിലപാട് കർക്കശമാക്കി
കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിക്കും രാഹുലിനെതിരെ പരാതികൾ ലഭിച്ചതായാണ് വിവരം. അവർ സംസ്ഥാന നേതൃത്വവുമായി ഇക്കാര്യം സംസാരിച്ചിരുന്നു
രാഹുലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പിൽ ആണെന്ന് ആരോപിച്ച് പാലക്കാട്ടെ ഒരുവിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹൈക്കമാൻഡിന് പരാതി അയച്ചിരുന്നു