സ്കൂൾ പാചക തൊഴിലാളികൾക്ക് പട്ടിണിയോണം, ജൂലായിലെ കൂലി കിട്ടിയില്ല
പത്തനംതിട്ട : സ്കൂൾ പാചക തൊഴിലാളികൾക്ക് ഇത്തവണ പട്ടിണിയോണം. ജൂലായിലെ വേതനം ഇതുവരെ ലഭിച്ചില്ല. ഓണാവധിക്ക് സ്കൂളുകൾ അടയ്ക്കാൻ ഇനി ഒരാഴ്ച ബാക്കിയുള്ളപ്പോൾ വേതനവും ബോണസും ലഭിക്കുമെന്ന പ്രതീക്ഷയുമില്ല. വിദ്യാഭ്യാസ വകുപ്പിന് പലതവണ നിവേദനം നൽകിയിരുന്നു. എല്ലാ മാസവും ആറിന് മുൻപ് വേതനം നൽകുമെന്നായിരുന്നു മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ സ്കൂൾ പാചക തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചയിലെ തീരുമാനം.
പാചക തൊഴിലാളികൾ നടത്തിയ സമരത്തെ തുടർന്ന് വേതനം എല്ലാ മാസവും മുടങ്ങാതെ നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ജൂൺ മാസത്തെ ശമ്പളം ജൂലായിൽ കിട്ടി. ഈ അദ്ധ്യയന വർഷം തുടങ്ങി രണ്ടാംമാസം മുതൽ വേതനം മുടങ്ങിയത് പാചക തൊഴിലാളികളെ നിരാശയിലാക്കി. പാചക തൊഴിലാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു.
ഉറപ്പ് പാലിച്ചില്ല
സ്കൂൾ പാചക തൊഴിലാളി സംഘടനകളും വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ രണ്ടു കാര്യങ്ങളിലാണ് ധാരണയിലെത്തിയത്. എല്ലാ മാസവും കൃത്യമായി വേതനം നൽകുമെന്നും 500 കുട്ടികൾക്ക് പകരം 300കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന് ക്രമീകരിക്കാമെന്നും ധാരണയിലെത്തിയിരുന്നു.
അദ്ധ്യയന വർഷം തുടങ്ങിയപ്പോൾ പല സ്കൂളകളിലും അഞ്ഞൂറിൽ താഴെയായി കുട്ടികൾ. അഞ്ഞൂറിന് മുകളിൽ രണ്ട് പാചക തൊഴിലാളികൾ എന്ന നിലയിലുണ്ടായിരുന്ന സ്കൂളുകളിൽ ഒരു പാചക തൊഴിലാളിയുടെ ജോലി നഷ്ടമായി.
ജില്ലയിലെ പാചക തൊഴിലാളികൾ : 789, ഒരു തൊഴിലാളിക്കുള്ള ദിവസവേതനം : 600 രൂപ
പാചക തൊഴിലാളികൾക്ക് സർക്കാർ നൽകിയ ഉറപ്പ് പാലിക്കണം. ഈ മാസം തന്നെ ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ വേതനവും ബോണസും അനുവദിക്കണം.
എ.ഹബീബ് സേട്ട്, സംസ്ഥാന ജനറൽ സെക്രട്ടറി
സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ്