രാഹുലിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം; വീട്ടിലേക്ക് മാർച്ച് നടത്തി

Friday 22 August 2025 12:35 AM IST

അടൂർ : നടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവയ്ക്കേണ്ടി വന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാർച്ച് നടത്തി. അടൂർ മുണ്ടപ്പള്ളിയിലെ വീട്ടിലേക്ക് നടന്ന മാർച്ച് വീടിനു മുന്നിൽ പൊലീസ് തടഞ്ഞു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് വലയം പ്രതിരോധിച്ചു പ്ലക്കാർഡുമായി രാഹുലിന്റെ വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയ പ്രവർത്തകനെ അവിടെയുണ്ടായിരുന്ന പൊലീസുകാർ കീഴ്‌പ്പെടുത്തി. പൊലീസ് വലയം ഭേദിച്ച് അകത്തുകടക്കാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും അടൂർ,കൊടുമൺ എസ്.എച്ച്.ഒ മാരുടെ നേതൃത്വത്തിൽ ശക്തമായ സുരക്ഷാവലയം തീർത്തു. ഡി.വൈ.എഫ്.ഐ അടൂർ ബ്ലോക്ക് പ്രസിഡന്റ് വിഷ്‌ണുഗോപാൽ , ജില്ല കമ്മിറ്റി അംഗം വിനീഷ് , ജോയിന്റ് സെക്രട്ടറി സതീഷ് ബാലൻ ,വൈസ് പ്രസിഡന്റ് റിതിൻ റോയ് , സെക്രട്ടറിയേറ്റ് അംഗം വിനീത് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. ഇന്നും ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ തുടർപ്രതിഷേധങ്ങൾ നടത്തും.