ഇന്റർ സ്റ്റേറ്റ് അത്ലറ്റിക് മീറ്റ് വിശേഷാൽ റെക്കാഡ്
400 മീറ്ററിൽ റെക്കാഡുമായി വിശാൽ ടി.കെ
തകർത്തത് അനസിന്റെ റെക്കാഡ്
നേട്ടം കോച്ചിന് സമർപ്പിച്ച് താരം
ചെന്നൈ : ചെന്നൈയിൽ നടക്കുന്ന നാഷണൽ ഇന്റർ സ്റ്റേറ്റ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിവസം പുരുഷ വിസാഗം 400 മീറ്ററിൽ റെക്കാഡ് കുറിച്ച് തമിഴ്നാടിന്റെ താരം വിശാൽ ടി.കെ.ആറുവർഷം മുമ്പ് മലയാളിതാരം മുഹമ്മദ് അനസ് സ്ഥാപിച്ചിരുന്ന 45.21 സെക്കൻഡിന്റെ ദേശീയ റെക്കാഡാണ് ഇന്നലെ വിശാലിന് മുന്നിൽ വഴിമാറിയത്. 45.12 സെക്കൻഡിലാണ് വിശാൽ ഫിനിഷ് ചെയ്തത്. 2023ൽ മുഹമ്മദ് അജ്മൽ കുറിച്ചിരുന്ന 45.51 സെക്കൻഡിന്റെ മീറ്റ് റെക്കാഡും വിശാൽ പഴങ്കഥയാക്കി.
ദേശീയ റെക്കാഡ് കുറിച്ചെങ്കിലും ജപ്പാനിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ മാർക്ക് കടക്കാൻ വിശാലിന് കഴിഞ്ഞില്ല. 44.85 സെക്കൻഡായിരുന്നു ലോക ചാമ്പ്യൻഷിപ്പ് യോഗ്യതാ മാർക്ക്. കഴിഞ്ഞ മേയിൽ ദക്ഷിണ കൊറിയയിലെ ഗുമിയിൽ നടന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വിശാൽ 45.57 സെക്കൻഡിൽ ഫിനിഷ് ചെയ്ത് നാലാമനായിരുന്നു.
തന്റെ ദേശീയ റെക്കാഡ് നേട്ടം വിശാൽ ഇന്ത്യൻ ടീമിന്റെ വിദേശ കോച്ച് ജാസൺ ഡാസനാണ് സമർപ്പിച്ചത്. ഫിനിഷ് ചെയ്തതിന് ശേഷം തന്റെ ബനിയനിൽ കുത്തിയിരുന്ന നമ്പർ ബാഡ്ജിന്റെ പിന്നിൽ ഇതെന്റെ കോച്ച് ജാസണിന് എന്നെഴുതിയിരുന്നത് വിശാൽ ഉയർത്തിക്കാട്ടുകയും ചെയ്തു. 45 സെക്കൻഡിനുള്ളിൽ ഫിനിഷ് ചെയ്യുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്നും 22കാരനായ വിശാൽ പറഞ്ഞു.കാര്യവട്ടം എൽ.എൻ.സി.പി.ഇയിലെ നാഷണൽ സെന്റർ ഒഫ് എക്സലൻസിലാണ് ജാസണിനൊപ്പം വിശാൽ പരിശീലിക്കുന്നത്.
മരിയയ്ക്കും അനഘയ്ക്കും വെള്ളി
വനിതകളുടെ പോൾ വാട്ടിൽ മലയാളി താരം മരിയ ജയ്സൺ വെള്ളി നേടി. 4.05 മീറ്ററാണ് മരിയ ചാടിയത്. 4.10 മീറ്റർ ചാടി ദേശീയ റെക്കാഡിനൊപ്പമെത്തി തമിഴ്നാടിന്റെ ഭരണിക ഇളങ്കോവനാണ് സ്വർണം നേടിയത്. 2023ൽ പവിത്ര വെങ്കിടേഷ് സൃഷ്ടിച്ച റെക്കാഡിനൊപ്പമാണ് ഭരണികയെത്തിയത്.
വനിതകളുടെ 400 മീറ്ററിലാണ് അനഘയുടെ വെള്ളി. 53.84 സെക്കൻഡിലാണ് അനഘ ഫിനിഷ് ചെയ്തത്. 53.37 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഗുജറാത്തിന്റെ ദേവ്യാനി സലയ്ക്കാണ് സ്വർണം.