ഏഴ് വർഷത്തിനിടയിൽ: എക്സൈസ് 'വിമുക്തി'യിൽ 6165 പേർക്ക് ലഹരിമുക്തി

Friday 22 August 2025 12:18 AM IST

ചികിത്സാ കാലയളവ്

21 ദിവസം

കൊല്ലം: ജില്ലയിൽ എക്‌സൈസിന്റെ വിമുക്തി പദ്ധതി ആരംഭിച്ച് ഏഴ് വർഷം പിന്നിട്ടപ്പോഴേക്കും ചികിത്സ നേടിയത് 6,165 പേർ. നെടുങ്ങോലം പരവൂർ രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിലെ വിമുക്തി മിഷൻ ലഹരി മോചന കേന്ദ്രത്തിലാണ് സൗജന്യ ചികിത്സ.

21 ദിവസമാണ് ചികിത്സാ കാലയളവെങ്കിലും ഓരോ വ്യക്തിക്കും സാഹചര്യമനുസരിച്ച് മാറ്റമുണ്ടാകാം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും കോർപ്പറേഷൻ മേയർ വൈസ് ചെയർമാനും കളക്ടർ കൺവീനറും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ജോയിന്റ് കൺവീനറുമായ സമിതിയാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

വാർഡ് തലങ്ങളിൽ രൂപീകരിച്ച സമിതികൾ എല്ലാ മാസവും യോഗം ചേർന്ന്, ചികിത്സ ആവശ്യമുള്ളവർക്കായി തുടർ നടപടികൾ സ്വീകരിക്കും. ലഹരിയുടെ ഉപയോഗത്തിൽ നിന്ന് വിദ്യാർത്ഥികളെ അകറ്റി കായികക്ഷമത വർദ്ധിപ്പിക്കാനുള്ള പദ്ധതികളുമുണ്ട്.

സ്കൂൾ തലം മുതൽ പദ്ധതികൾ

 ഉണർവ് പദ്ധതിയിലൂടെ സ്‌കൂളുകളിൽ വിമുക്തി ആന്റി നർക്കോട്ടിക് ക്ലബുകളുടെ 72 'ടീം വിമുക്തി' കായിക ടീമുകൾ

 താലൂക്ക് ജില്ലാ തലങ്ങളിൽ കായിക മത്സരങ്ങൾ

 ജില്ലയിലെ 75 കോളേജുകളിൽ 'നേർക്കൂട്ടം' സമിതിയും 48 കോളേജ് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് 'ശ്രദ്ധ' സമിതിയും

 വിമുക്തി ആന്റി നർക്കോട്ടിക് ക്ലബുകൾ ജില്ലയിലെ 413 സ്‌കൂളുകളിൽ

 'ബാല്യം അമൂല്യം' പദ്ധതിയിലൂടെ പ്രവർത്തനങ്ങൾ പ്രൈമറി സ്‌കൂൾ തലങ്ങളിലേക്കും

ജില്ലയിലെ തിരഞ്ഞെടുത്ത 10 സ്‌കൂളുകൾക്ക് കായിക ഉപകരണങ്ങൾ

 പിന്നാക്ക മേഖലകളിലെ അഭ്യസ്തവിദ്യർക്ക് സർക്കാർ ജോലി നേടാൻ 'തൊഴിലാണ് ലഹരി' പദ്ധതിക്ക് മൂന്ന് ലക്ഷം രൂപ

ലഹരിക്കെതിരെ പൊതുസമൂഹത്തിന്റെ ഇടപെടൽ ശക്തിപ്പെടുത്താൻ റസി. അസോ., കുടുംബശ്രീ, വായനശാലകൾ, കോർപ്പറേഷൻ, നഗരസഭകൾ, ബ്ലോക്ക് ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെ ബോധവത്കരണ ക്ലാസുകൾ, തെരുവ് നാടകങ്ങൾ, സെമിനാറുകൾ, വിവിധ മത്സരങ്ങൾ എന്നിവ നടത്തുന്നുണ്ട്.

വി.സി.ബൈജു , ജില്ലാ മാനേജർ,

വിമുക്തി മിഷൻ