അക്രമി സംഘത്തിന്റെ മർദ്ദനം... ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്
കൊല്ലം: അക്രമി സംഘത്തിന്റെ മർദ്ദനത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്. കൊല്ലം ബ്ലോക്ക് കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി വിഷ്ണു, ജോനകപ്പുറം യൂണിറ്റ് സെക്രട്ടറിയും പോർട്ട് മേഖല കമ്മിറ്റി അംഗവുമായ മാഹിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 9നായിരുന്നു സംഭവം. സ്ഥിരം പ്രശ്നക്കാരായ സൗഫീഖ്, അലി, ഷമീർ , അൻഷാദ്, ഷഫീക്ക്, അമീർ ഷഹന എന്നിവരാണ് കമ്പിവടി ഉപയോഗിച്ച് ആക്രമിച്ചതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ചക്കരത്തോപ്പിൽ ആഴ്ചകൾക്ക് മുൻപ് സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ തുടർച്ചയാണിത്. പരിക്കേറ്റവരെ സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ സന്ദർശിച്ചു. കൊല്ലം ഏരിയ കമ്മിറ്റി അംഗങ്ങളായ അനിത്ത്, ജയകുമാർ, അശോക് കുമാർ, മുസ്തഫ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ശ്യാം മോഹൻ, പ്രസിഡന്റ് ടി.ആർ. ശ്രീനാഥ്. ട്രഷറർ ഷബീർ, ജില്ലാ കമ്മിറ്റിയംഗം അഭിമന്യു എന്നിവരും പ്രവർത്തകരെ സന്ദർശിച്ചു.