പത്രവിതരണത്തിനിടെ കേരളകൗമുദി ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
Friday 22 August 2025 2:37 AM IST
കൊല്ലം: പത്രവിതരണത്തിനിടെ കേരളകൗമുദി ഏജന്റ് കൊട്ടാരക്കര നീലേശ്വരം ചരുവിള പുത്തൻവീട്ടിൽ എസ്.സജികുമാർ (47) കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാവിലെ മകൻ അശ്വിനൊപ്പം അമ്പലത്തുംകാല ഭാഗത്ത് പത്രം വിതരണം ചെയ്യുമ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.
രാത്രിയിൽ നേരിയ അസ്വസ്ഥത ഉണ്ടായിരുന്നതിനാലാണ് മകനെ ഒപ്പം കൂട്ടിയത്. മകനും സമീപത്തെ വീട്ടുകാരും ചേർന്ന് ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊട്ടാരക്കര കോടതിയിലെ അഡ്വക്കേറ്റ് ക്ളാർക്കായിരുന്നു. സി.പി.ഐയുടെ പ്രാദേശിക നേതാവായിരുന്ന സജികുമാർ അടുത്തകാലത്ത് സി.പി.എം നാടല്ലൂർ ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: എം.എസ്.ആര്യ. മറ്റൊരു മകൻ: അദ്വൈത്.