ഉദ്യോഗസ്ഥർ യജമാനരല്ല, തീരുമാനങ്ങളിൽ മാനുഷിക സ്പർശം വേണം: ഹൈക്കോടതി

Friday 22 August 2025 2:38 AM IST

കൊച്ചി: സർക്കാർ ഉദ്യോഗസ്ഥരുടെ എല്ലാ തീരുമാനങ്ങളിലും മാനുഷിക സ്പർശം വേണമെന്നും അല്ലാത്തപക്ഷം സർക്കാരുകൾ പരാജയമാകുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള ഫയലുകൾ കേവലം കടലാസല്ല. അത് ജീവിതമാണ്. ഓരോ ഫയലിനും ഓരോ മുഖമുണ്ട്, സർക്കാർ ഉദ്യോഗസ്ഥർ ജനാധിപത്യത്തിന്റെ സേവകരാണ്. യജമാനരല്ല - കോടതി വ്യക്തമാക്കി.

കൊല്ലം തഹസിൽദാരുടെ ഓഫീസിൽ ബഹളം വച്ചെന്നും ഫയൽ പിടിച്ചുവാങ്ങി കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസിലെ റിവിഷൻ ഹർജിയുടെ വിധിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. പ്രതിയായ കൊല്ലം പട്ടത്താനം സ്വദേശി മണിലാലി(56)നെ കുറ്റവിമുക്തനാക്കിയ കോടതി, ഉദ്യോഗസ്ഥർ അനുഭാവപൂർവം പെരുമാറിയിരുന്നെങ്കിൽ സംഭവം ഒഴിവാക്കാമായിരുന്നെന്നും ചൂണ്ടിക്കാട്ടി.

2020 ലാണ് കേസിനാസ്പദമായ സംഭവം. മണിലാലിന്റെ 76കാരനായ ഭാര്യാപിതാവ് മൂന്നു സെന്റ് സ്ഥലം പോക്കുവരവ് ചെയ്യാൻ അപേക്ഷ നൽകിയയിരുന്നു. തഹസിൽദാർ പല സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അനുവദിച്ചില്ല. ഒന്നര വർഷത്തിനുശേഷം താലൂക്ക് ഓഫീസിൽ അദാലത്തിന് വിളിച്ചു. ഭാര്യപിതാവിന്റെ സഹായത്തിനായി മണിലാലും കൂടെപ്പോയി. മറ്റൊരാളുടെ സാന്നിദ്ധ്യം പാടില്ലെന്ന് പറഞ്ഞ് തഹസിൽദാർ ഹിയറിംഗിന് തയ്യാറായില്ല. ഇതിൽ പ്രകോപിതനായ മണിലാൽ, ബഹളം വച്ചെന്നും ക്ലാർക്കിൽ നിന്ന് ഫയൽ പിടിച്ചുവാങ്ങി മേശപ്പുറത്തേക്ക് ഇട്ടെന്നും കസേര നിലത്തടിച്ചെന്നുമായിരുന്നു പരാതി. അസഭ്യം പറഞ്ഞതിനും ആക്രമിച്ചതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഐ.പി.സി 294(ബി), 353 വകുപ്പുകൾ ചുമത്തിയാണ് കൊല്ലം ഈസ്റ്റ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

ഹർജിക്കാരനെതിരേ 294(ബി) പ്രകാരമുള്ള കുറ്റം ഒഴിവാക്കിയ കൊല്ലം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മറ്റും വിചാരണ നേരിടണമെന്നും ഉത്തരവിട്ടു. ഇതിനെതിരേയാണ് റിവിഷൻ ഹർജി നൽകിയത്. ശാരീരിക ആക്രമണമോ ബലപ്രയോഗമോ പിടിച്ചുനിറുത്തലോ നടന്നിട്ടില്ലാത്തതിനാൽ 353 പ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്നു വിലയിരുത്തിയ ഹൈക്കോടതി, മജിസ്ട്രേട്ട് കോടതി ഉത്തരവ് റദ്ദാക്കുകയായിരുന്നു. ബാങ്ക് മാനേജരായ ഹർജിക്കാരൻ സർക്കാർ ഓഫീസിൽ നടത്തിയ പ്രവൃത്തി ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഹൈക്കോടതി വിലയിരുത്തി.

നയിക്കേണ്ടത് ക്ഷമ

മനുഷ്യത്വവും സഹാനുഭൂതിയുമാണ് സർക്കാരും ജനങ്ങളുമായുള്ള പാലം. എല്ലാ തീരുമാനത്തിനും പിന്നിൽ പ്രതീക്ഷയോ ഉത്കണ്ഠയോ സ്വപ്നങ്ങളോ ഉണ്ട്. സർക്കാർ ഓഫീസിലെത്തുന്നവർ പലവിധത്തിൽ പ്രതികരിക്കും. ക്ഷമയാകണം ബ്യൂറോക്രസിയെ നയിക്കുന്ന വികാരം. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ ഭരണം മാത്രമല്ല ജനാധിപത്യത്തിന്റെ വിജയം, ഉദ്യോഗസ്ഥർ അതിനെ എങ്ങനെ പിൻതുണയ്ക്കുന്നു എന്നതു കൂടിയാണെന്നും കോടതി വ്യക്തമാക്കി.