ട്രഷറിയിൽ 10ലക്ഷത്തിന് മുകളിൽ നിയന്ത്രണം
തിരുവനന്തപുരം: പത്തുലക്ഷത്തിന് മുകളിലുള്ള തുക പിൻവലിക്കുന്നതിന് സംസ്ഥാനത്ത് ട്രഷറികളിൽ നിയന്ത്രണം.ശമ്പളം,പെൻഷൻ,ചികിത്സാസഹായം തുടങ്ങിയ ചെലവുകൾക്ക് നിയന്ത്രണമില്ല,നിക്ഷേപങ്ങൾ പിൻവലിക്കാനും തടസ്സമില്ല.
നിലവിൽ 25ലക്ഷം രൂപവരെ പിൻവലിക്കാൻ തടസ്സമുണ്ടായിരുന്നില്ല.നിയന്ത്രണം ഏർപ്പെടുത്തിയതോടെ പത്തുലക്ഷത്തിന് മേലുള്ള ബില്ലുകൾ പാസാക്കിയെടുക്കാൻ ധനവകുപ്പിന്റെ അനുമതി വേണ്ടിവരും.ഓണക്കാലത്ത് ഉണ്ടാകാനിടയുള്ള വലിയ ചെലവുകൾ മുന്നിൽകണ്ടാണ് നിയന്ത്രണം.
സാമ്പത്തിക വർഷം തുടങ്ങി അഞ്ച് മാസങ്ങൾക്കുള്ളിൽ കടമെടുപ്പ് 17000കോടിയിലെത്തി.ഏപ്രിൽ മാസം 3000 കോടി, മേയ് 4000 കോടി, ജൂൺ 5000 കോടി, ജൂലായ് 5000 കോടി എന്നിങ്ങനെയാണ് ഇതുവരെയുള്ള കടമെടുപ്പ്.ഡിസംബർവരെ 29529കോടിയാണ് വായ്പാനുമതി.ഓണച്ചെലവുകൾക്കും ശമ്പള,പെൻഷൻ വിതരണത്തിനുമായി ആഗസ്റ്റ് 26 നും സെപ്തംബർ 2 നും സംസ്ഥാനം വീണ്ടും കടമെടുക്കും.