എത്ര ചവിട്ടി താഴ്ത്താൻ ശ്രമിച്ചാലും തലയുയർത്തി നിൽക്കും:മുഖ്യമന്ത്രി

Friday 22 August 2025 2:43 AM IST

തിരുവനന്തപുരം:വികസനപദ്ധതികളെ തകർക്കാൻ ശ്രമിക്കുന്നവരുടെ സ്ഥാപിത താൽപര്യങ്ങളും പ്രതിഷേധങ്ങളും വകവെച്ചു കൊടുക്കാതെ ഈ സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . എത്ര ചവിട്ടിത്താഴ്ത്താൻ ശ്രമിച്ചാലും തിരിച്ചുവരവുണ്ടാകുമെന്നും തലയുയർത്തി തന്നെ നിൽക്കുമെന്നും പറഞ്ഞു.

കെഫോണിന്റെ ഒ.ടി.ടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെഫോൺപദ്ധതി എവിടെയും എത്തില്ല എന്ന് പറഞ്ഞ് വെല്ലുവിളിക്കുകയും ആക്ഷേപങ്ങളുന്നയിക്കുകയും ചെയ്തവരുടെ മുന്നിൽ അഭിമാനാർഹമായ വളർച്ച നേടിയാണ് കെഫോൺ കുതിക്കുന്നത്. പിന്നീട് യാഥാർത്ഥ്യമായപ്പോൾ മുന്നോട്ട് പോകില്ലെന്ന് പറഞ്ഞു.വിജയകരമായി മുന്നോട്ട് കുതിച്ചപ്പോൾ വ്യാജആരോപണങ്ങളുമായി രംഗത്ത് വന്നു.ചിലർ പദ്ധതിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചു.ഹൈക്കോടതി അവരോട് ചോദിച്ചത് പബ്ലിക്ക് ഇന്ററസ്റ്റാണോ അതോ പബ്ലിസിറ്റി ഇന്റസ്റ്റാണോ ഇതിന് പിന്നിലെന്നാണ്. കിഫ്ബി വീണ്ടും കൊണ്ടുവന്നപ്പോഴും ലൈഫ് ഭവനപദ്ധതി കൊണ്ടുവന്നപ്പോഴും ഇതേ ശ്രമമുണ്ടായി.കിഫ്ബി ഒരുലക്ഷംകോടിയുടെ വികസനപദ്ധതകളാണ് നടപ്പാക്കുന്നത്.ലൈഫ് മിഷൻ അഞ്ച് ലക്ഷം പേർക്ക് വീട് നിർമ്മിച്ചുനൽകുന്നു.കേരളത്തിന്റെ സ്വന്തം ആഘോഷമായ ഓണം നൽകുന്ന സന്ദേശവും അതാണ്.ചവിട്ടിതാഴ്ത്താൻ ശ്രമിക്കുമ്പോഴെല്ലാം അതിനെ അതിജീവിച്ച് മുന്നോട്ട് തലഉയർത്തി വരും.അതാണ് കേരളത്തിന്റെ ബദൽ വികസന മാതൃക.മുഖ്യമന്ത്രി പറഞ്ഞു.

ചുരുങ്ങിയ കാലയളവിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ കെഫോണിന് സാധിച്ചിട്ടുണ്ട്.സാർവ്വത്രിക ഇന്റർനെറ്റ് എന്നലക്ഷ്യം മുൻനിർത്തി ഇന്റർനെറ്റ് മൗലികഅവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യസംസ്ഥാനമാണ് കേരളം.സേവനം ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ ഒരുലക്ഷം കണക്ഷനുകളെന്ന അഭിമാനനേട്ടവും രാജ്യത്തെവിടെയും ഇന്റർനെറ്റ് കണക്ഷൻ നൽകാനുള്ള ഐ.എസ്.പി എ ലൈസൻസും നേടിയാണ് കെഫോണിന്റെ വളർച്ച.അടുത്ത ഒരുവർഷത്തിനുള്ളിൽ കെഫോൺ രണ്ടരലക്ഷം കണക്ഷനെന്ന നേട്ടം കൈവരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കനകക്കുന്ന് പാലസ്,നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് വി.കെ.പ്രശാന്ത് എം.എൽ.എ അധ്യക്ഷനായി.കെഫോൺ എം.ഡി ഡോ.സന്തോഷ് ബാബുറിപ്പോർട്ട് അവതരിപ്പിച്ചു. കേരളാ ഐ.ടി മിഷൻ ഡയറക്ടർ സന്ദീപ് കുമാർ സംസാരിച്ചു. ഇ.ആൻഡ്.ഐ.ടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവറാവു സ്വാഗതവും കെഫോൺ സി.ടി.ഒ മുരളി കിഷോർ ആർ.എസ് നന്ദിയും പറഞ്ഞു.