'മുടവൻമുകൾ' ബസിൽ കയറി ഡബിൾ ബെല്ലടിച്ച് മോഹൻലാൽ

Friday 22 August 2025 2:43 AM IST

തിരുവനന്തപുരം: 'മുടവൻമുകൾ' എന്ന ബോർഡു വച്ച് പഴയകാല കെ.എസ്.ആർ.ടി.സി ബസ്. അതിലേക്ക് നടൻ മോഹൻലാൽ കയറി. ഫുട്ബോർഡിൽ അല്പനേരം നിന്നു. തുടർന്ന് ഡബിൾ ബെല്ലടിച്ചു. ''ഈ ബസ് കണ്ടപ്പോൾ കോളേജ് കാലമാണ് ഓർമ്മ വന്നത്. ഏറ്റവും കൂടുതൽ ബസ് യാത്ര നടത്തിയതും കോളേജ് കാലത്തായിരുന്നു.' കോളേജ് പഠനകാലത്ത് എം.ജി കോളേജിലേക്കും തിരികെ മുടവൻമുകളിലെ വീട്ടിലേക്കുമുള്ള ബസ്

യാത്ര ഓർത്തെടുത്ത് മോഹൻലാൽ പറഞ്ഞു. കനകക്കുന്നിൽ ഇന്നു മുതൽ 24വരെ നടക്കുന്ന കെ.എസ്.ആർ.ടി.സി ഓട്ടോ എക്സ്‌പോയുടെ വിളംബരത്തിനായി സംഘടിപ്പിച്ച 'ഓർമ്മയാത്ര'യുടെ ഭാഗമായി ആക്കുളത്തായിരുന്നു ചടങ്ങ്.

മോഹൻലാൽ എം.ജി കോളേജിൽ പഠിക്കുമ്പോൾ സംവിധായകൻ പ്രിയദർശൻ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിയായിരുന്നു. രണ്ടുപേരും ഒരേ ബസിലെ യാത്രക്കാർ. എം.ജി കോളേജുവഴി വരുന്ന ബസ് യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെത്തുമ്പോൾ നിറുത്താതിരിക്കാനായി മോഹൻലാൽ ഡബിൾ ബെല്ലടിക്കും. പ്രിയദർശനും കൂട്ടരും ചാടിക്കയറാൻ ശ്രമിക്കുമ്പോൾ ലാൽ ഫുട്ബോഡിൽ തടസമായി നിൽക്കും. പഴയകാല ബസിൽ കയറിയപ്പോൾ ഈ യാത്രയടക്കം ഓർമ്മിച്ചായിരുന്നു മോഹൻലാൽ അതേക്കുറിച്ച് പറഞ്ഞത്.

'പൊതുഗതാഗതം

ഗംഭീരമാകുന്നു'

കെ.എസ്.ആർ.ടി.സിയുടെ പുതിയ എ.സി സെമിസ്ലീപ്പർ ബസിലും മോഹൻലാൽ കയറി. ബസിന്റെ പ്രത്യേകതകൾ മന്ത്രി കെ.ബി.ഗണേശ്‌കുമാർ വിശദീകരിച്ചു. ''പൊതുഗതാഗതം വളരെ ഗംഭീരമായി മാറുകയാണ്. കംഫർട്ടബിളായ ഗതാഗത സംവിധാനം കൊണ്ടുവരാൻ സ്നേഹിതനായ ഗണേശ്‌കുമാറിന് സാധിച്ചുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അദ്ദേഹം കെ.എസ്.ആർ.ടി.സിക്കു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നു. ഒരു നാടിന്റെ ഗതാഗത സംവിധാനം നന്നാക്കിയാൽ നാടും നന്നാകും.'' മോഹൻലാൽ പറഞ്ഞു. കെ.എസ്.ആർ.ടി.സി എം.ഡി പ്രമോജ്ശങ്കറും ബസ് ഡിസൈൻ ചെയ്ത ഗണേശ്‌കുമാറിന്റെ മകൻ ആദിത്യയും ഒപ്പമുണ്ടായിരുന്നു