എല്ലാവരുടെയും അവകാശരേഖകൾ ഡിജി ലോക്കറിലാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവരുടെയും അവകാശരേഖകളും സർട്ടിഫിക്കറ്റുകളും ഡിജി ലോക്കറുമായി ബന്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഡിജി കേരളം പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് അവകാശരേഖകളും സർട്ടിഫിക്കറ്റുകളും ഡിജിറ്റൈസ് ചെയ്ത് ഡിജി ലോക്കറുമായി ബന്ധിപ്പിക്കുന്നത്. ഇക്കാര്യത്തിലും കേരളം രാജ്യത്ത് ഒന്നാമതാകും.
ഡിജിറ്റൽ സാക്ഷരതയുടെ തുടർച്ച ഉറപ്പാക്കുന്നതിനായി രണ്ടാം ഘട്ടത്തിൽ ഡിജിറ്റൽ കുറ്റകൃത്യങ്ങളും സോഷ്യൽ മീഡിയ ദുരുപയോഗവും തിരിച്ചറിഞ്ഞ് തടയുന്നതിനായി പരിശീലനം നൽകും.
നിലവിൽ തൊള്ളായിരത്തോളം സർക്കാർ സേവനങ്ങൾ ഓൺലൈനാക്കി. ഇതുകൂടാതെ കെ സ്മാർട്ടിലൂടെയും സേവനങ്ങൾ നൽകുന്നുണ്ട്. ഓഫീസുകളിൽ കയറിയിറങ്ങാതെ ജനന സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് തുടങ്ങിയവ ലഭ്യമാക്കാനും പൊലീസിന് ഉൾപ്പെടെ പരാതി കൈമാറുന്നതിനും കഴിയും. പ്രവാസികൾക്ക് നാട്ടിൽവരാതെ സേവനങ്ങൾ ലഭ്യമാക്കാനായി. ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എം.ബി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഡിജിറ്റൽ ഇന്ത്യ മുദ്രാവാക്യത്തിലും പരസ്യ വചകത്തിലും ഒതുങ്ങുമ്പോഴാണ് കേരളത്തിന്റെ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. സമ്പൂർണ ഡിജിറ്റൽ സാക്ഷരത റിപ്പോർട്ട് മന്ത്രി എം.ബി.രാജേഷ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാറിന് കൈമാറി. ഡിജി കേരളം രണ്ടാംഘട്ട പദ്ധതി സ്‌പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ള അവതരിപ്പിച്ചു. രണ്ടാം ഘട്ട പദ്ധതിയുടെ രേഖ ഇൻഫോസിസ് സഹസ്ഥാപകനും മുൻ സി.ഇ.ഒയുമായ എസ്.ഡി.ഷിബുലാൽ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി അനുപമയ്ക്ക് കൈമാറി. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ. അനിൽ,കെ. കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക്, മേയർ ആര്യ രാജേന്ദ്രൻ, വകുപ്പ് ഡയറക്ടർ അപൂർവ ത്രിപാഠി, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, കോർപറേഷൻ കൗൺസലർ വി.ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.
വീഡിയോ കാളും സെൽഫിയും
105ാം വയസിൽ ഡിജി സാക്ഷരത നേടിയ എറണാകുളം അശമന്നൂർ സ്വദേശി അബ്ദുള്ള മൗലവി ബാഫഖിയുമായി വേദിയിൽ വച്ച് മുഖ്യമന്ത്രി വീഡിയോ കോളിൽ സംസാരിച്ചു. നിങ്ങളെപ്പോലുള്ളവരുടെ അനുഗ്രഹവും പിന്തുണയുമാണ് സർക്കാരിന്റെ കരുത്തെന്നും വീഡിയോകോളിൽ മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് പദ്ധതിയിലെ 75 വയസുള്ള പഠിതാക്കളായ തിരുവനന്തപുരത്തെ ശാരദാ കാണിയും വിശാലാക്ഷിയും മുഖ്യമന്ത്രിക്ക് ഒപ്പം സെൽഫി എടുത്തു.