കേരളത്തിലേക്കുള്ള ട്രെയിനുകൾ വഴി ഭായിമാരുടെ ബിസിനസ്, നടക്കുന്നത് കോടികളുടെ ഇടപാട്
കോഴിക്കോട്: ട്രെയിൻ വഴിയുള്ള ലഹരിക്കടത്ത് വ്യാപകം. പാലക്കാട് ഡിവിഷന് കീഴിൽ ഏഴ് മാസത്തിനിടെ പിടികൂടിയത് 4,09,22,100 കോടിരൂപയുടെ ലഹരി ഉത്പന്നങ്ങൾ. ആർ.പി.എഫിന്റെ നേതൃത്വത്തിൽ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ജനുവരി മുതൽ ജൂലായ് വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും ലഹരിയുത്പന്നങ്ങൾ പിടികൂടിയത്. 100 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും, 59 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുൻവർഷത്തേക്കാൾ വലിയ വർദ്ധനയാണ് ഈ വർഷം പകുതിയായപ്പോഴേക്കും ഉണ്ടായിട്ടുള്ളത്. കഞ്ചാവ്, എം.ഡി.എം.എ, ബ്രൗൺ ഷുഗർ, നൈട്രാസെപാം ഗുളിക, ബ്യൂപ്രിനോർഫിൻ ഗുളിക, മെത്തഫെറ്റമിൻ ഗുളിക, ഹെറോയിൻ, ഹാഷിഷ് ഓയിൽ എന്നിവ പിടികൂടിയതിൽ ഉൾപ്പെടും. കഴിഞ്ഞവർഷം പാലക്കാട് ഡിവിഷൻ പരിധിയിൽ നിന്നുമാത്രം 155 കേസുകളിലായി പിടിച്ചെടുത്തത് 9,63,95,510 രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ്. ഇതിൽ 27 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പിടിച്ചെടുക്കുന്നവയിൽ ഏറ്റവും കൂടുതൽ കഞ്ചാവാണ്. ഈ വർഷം മൂന്നു കോടിയിൽ അധികം വരുന്ന 769.584 കിലോ കഞ്ചാവാണ് പിടിച്ചത്. കഴിഞ്ഞ വർഷം 1447.576 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. വിപണിയിൽ ഏഴ് കോടിയിൽ അധികം വില വരും.
കടത്തുകാർ ഏറെയും വടക്കേ ഇന്ത്യക്കാർ
ലഹരിയുമായി എത്തുന്നവർ കൂടുതലും ഒറീസ, ബംഗളൂരു, മുംബയ്, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുൾപ്പെടെയുള്ള കുടിയേറ്റ തൊഴിലാളികളാണെന്ന് ആർപിഎഫ് ഡിവിഷണൽ അധികൃതർ പറഞ്ഞു. ഇവിടങ്ങളിൽ വ്യാപകമായി കൃഷി നടക്കുന്നുണ്ട്. ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് എം.ഡി.എം.എ എത്തുന്നത്. പിടിക്കപ്പെടുന്നതിൽ കേസിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ കുറവാണ്. വിവിധ സ്റ്റേഷനുകളിൽ ഇറങ്ങി ട്രെയിൻ മാറി ജനറൽ കോച്ചുകളിൽ കയറിയാണ് ഇത്തരക്കാർ രാസലഹരി എത്തിക്കുന്നത്. ഇവർക്ക് ഓരോ സ്ഥലത്തും വിവരം നൽകാൻ ആളുകളുണ്ടാകും. സ്ത്രീകളെയും കുട്ടികളെയും ഇടനിലക്കാരാക്കിയുള്ള ലഹരിക്കടത്തുമുണ്ട്.ആർ.പി.എഫും എക്സൈസും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ദിവസവും പരിശോധന നടക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
പിടിച്ച രാസലഹരി
2025ൽ
കഞ്ചാവ്........769.584 കിലോ
ആംഫെറ്റാമൈൻ....0.102 ഗ്രാം
എം.ഡി.എം.എ....... 0.1039 ഗ്രാം
ട്രമാഡോൾ........... 270
2024ൽ
കഞ്ചാവ്............ 1447.576 കിലോ
ഹെറോയിൻ......0.229 ഗ്രാം
ഹാഷിഷ്..........0.600 ഗ്രാം
എം.ഡി.എം.എ.....0.08946 ഗ്രാം
നൈട്രാസെപാം...... 7 എണ്ണം