വാഴൂർ സോമന്റെ ഭൗതിക ശരീരം വീട്ടിലെത്തിച്ചു; സംസ്‌കാരം വൈകിട്ട്

Friday 22 August 2025 6:54 AM IST

തിരുവനന്തപുരം: പീരുമേട് എം എൽ എയും സി പി ഐ സംസ്ഥാന കൗൺസിൽ അംഗവുമായ വാഴൂർ സോമന്റെ (72) സംസ്‌കാരം ഇന്ന്. ഭൗതിക ശരീരം തിരുവനന്തപുരത്തുനിന്ന് പുലർച്ചെയോടെ വണ്ടിപ്പെരിയാറിലെ വാളാർഡിയിലുള്ള വീട്ടിൽ എത്തിച്ചു.

രാവിലെ എട്ട് മുതൽ വീട്ടിൽ പൊതുദ‌‌ർശനമുണ്ടാകും. പതിനൊന്ന് മണിക്ക് വണ്ടിപ്പെരിയാർ ടൗൺഹാളിൽ പൊതുദർശനം. എ ഐ ടി യു സി നേതാവായിരുന്ന എസ് കെ ആനന്ദന്റെ പാമ്പനാറിലുള്ള സ്മൃതികുടീരത്തിനു സമീപം വൈകിട്ട് നാലിന് സംസ്കാരം നടക്കും.

വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ എസ് കെ ആനന്ദന്റെ സ്മൃതികുടീരത്തിനു സമീപം സംസ്‌കരിക്കണമെന്ന് വാഴൂർ സോമന് ആഗ്രഹമുണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചതോടെയാണ് മാറ്റം വരുത്തിയത്.

തിരുവനന്തപുരത്ത് പി ടി പി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് കേന്ദ്രത്തിൽ നടന്ന വയനാട്, ഇടുക്കി റവന്യു അസംബ്ലിയിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് എം എൽ എ കുഴഞ്ഞുവീണത്. മന്ത്രി കെ രാജന്റെ ഔദ്യോഗിക വാഹനത്തിൽ സമീപത്തെ ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശ്രമ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭൗതികശരീരം വൈകിട്ട് ഏഴു മുതൽ എം എൻ സ്മാരകത്തിൽ പൊതുദർശനത്തിനു വച്ചിരുന്നു. രാത്രി എട്ട്‌ മണിയോടെയാണ്‌ മൃതദേഹം വണ്ടിപ്പെരിയാറിലേക്ക് കൊണ്ടുപോയത്. ഭാര്യ: ബിന്ദു സോമൻ വണ്ടിപ്പെരിയാർ താഴത്തുവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: അഡ്വ. സോബിൻ സോമൻ (സി.പി.ഐ ഇടുക്കി ജില്ലാ കൗൺസിൽ അംഗം), സോബിത്ത് സോമൻ (മാതൃഭൂമി, കോഴിക്കോട്). മരുമകൾ: പൂജിത കരുനാഗപ്പള്ളി നമ്പാര് അയ്യത്ത് കുടുംബാംഗം.