രാഹുലിനെതിരെ തത്‌ക്കാലം കേസില്ല; ശബ്‌ദരേഖയിലെ പെൺകുട്ടി പരാതിയുമായി സമീപിച്ചാൽ കേസെടുക്കും

Friday 22 August 2025 7:33 AM IST

തി​രു​വ​ന​ന്ത​പു​രം​: യുവതിയെ​ ​ഗർഭച്ഛിദ്രത്തിന് നി‌ർബന്ധിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തിൽ കേസെടുക്കേണ്ടെന്ന തീരുമാനത്തിൽ പൊലീസ്. മാദ്ധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതി നൽകിയത്. തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരന് സാധിച്ചിട്ടില്ല. ഇത് കോടതിയിൽ തിരിച്ചടിയാകും. പുറത്തുവന്ന ശബ്ദ സന്ദേശത്തിലെ ഇര പരാതിയുമായി സമീപിച്ചാൽ മാത്രം കേസെടുത്താൽ മതിയെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.

ഗർഭച്ഛിദ്രത്തിന് ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തി​യ​ ​രാ​ഹു​ലി​നെ​തി​രെ​ ​ക്രി​മി​ന​ൽ​ ​കേ​സെ​ടു​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​എ​റ​ണാ​കു​ളം​ ​സെ​ൻ​ട്ര​ൽ​ ​പൊ​ലീ​സി​ലും​ ​ബാ​ലാ​വ​കാ​ശ​ ​ക​മ്മി​ഷ​നി​ലും​ ​ഹൈ​ക്കോ​ട​തി​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ഷി​ന്റോ​ ​സെ​ബാ​സ്റ്റ്യ​ൻ ആണ്​ ​പ​രാ​തി​ ​ന​ൽ​കിയത്. ഇയാൾ സി പി എം അനുഭാവിയാണ്.

ഗർഭം അലസിപ്പിക്കാൻ യുവതിയെ രാഹുൽ നിർബന്ധിച്ചെന്ന ഗുരുതര ആരോപണത്തിന്റെ തെളിവാണ് ഇന്നലെ പുറത്തുവന്നത്. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളാണ് പ്രചരിച്ചത്. യുവതിയുടെ സ്വകാര്യത പരിഗണിച്ച് സാങ്കേതിക സഹായത്തോടെ ശബ്ദത്തിൽ മാറ്റം വരുത്തിയാണ് സംഭാഷണം പുറത്തുവിട്ടത്. ചില വാട്സ്ആപ്പ് ചാറ്റുകളും പ്രചരിക്കുന്നുണ്ട്.

അതേസമയം, രാഹുൽ എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം കോൺഗ്രസ് തള്ളി. സംഘടനാപരമായ നടപടി മാത്രം മതിയെന്നാണ് പാർട്ടിയുടെ തീരുമാനം. ആരോപണങ്ങൾ സമിതിയെ നിയോഗിച്ച് പരിശോധിക്കും. എം മുകേഷ് എം എൽ എയായി തുടരുന്നത് അടക്കമുള്ള കാര്യങ്ങൾ ഉന്നയിച്ച് പ്രതിരോധിക്കാനാണ് നീക്കം.