"അർദ്ധ വസ്ത്രം ധരിച്ച് മന്ത്രിമാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നില്ലേ"; രാഹുലിനെതിരെ പരാതി ഉന്നയിച്ചവരെ അപമാനിച്ച് വി കെ ശ്രീകണ്ഠൻ
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലെന്ന് വി കെ ശ്രീകണ്ഠൻ എംപി. എന്തെങ്കിലും കേൾക്കുമ്പോഴേക്ക് ചാടിയിറങ്ങി രാജിവയ്ക്കണമെന്നാവശ്യപ്പെടുന്നത് ഇവിടത്തെ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി കെ ശ്രീകണ്ഠൻ.
പരാതി ഉന്നയിച്ച സ്ത്രീകളെയും വി കെ ശ്രീകണ്ഠൻ അപമാനിച്ചു. അർദ്ധ വസ്ത്രം ധരിച്ച് മന്ത്രിമാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നില്ലേ എന്നായിരുന്നു എംപിയുടെ ചോദ്യം. അതോടൊപ്പം തന്നെ പാർട്ടി നിർദേശപ്രകാരമാണ് രാഹുൽ രാജിവച്ചതെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
'ചാറ്റുകളുണ്ട്, പലരുടെയും വെളിപ്പെടുത്തലുകളുണ്ട്. പക്ഷേ അവരാരും പരാതിക്കാരല്ലല്ലോ. പരാതി നൽകിയിട്ടില്ലല്ലോ. നമ്മുടെ നാട്ടിൽ ഒരു നീതിന്യായ വ്യവസ്ഥയുണ്ട്. എനിക്കാണ് അനുഭവമുണ്ടായതെങ്കിൽ ഞാനാണ് പരാതി നൽകേണ്ടത്. ഒരാൾക്കുണ്ടായ അനുഭവത്തെക്കുറിച്ച് വേറൊരാൾ പരാതി നൽകിയാൽ അത് എത്രത്തോളം നിലനിൽക്കുമെന്ന് നിങ്ങൾ തന്നെ ആലോചിച്ചുനോക്കൂ.
ഇത് അനുഭവിച്ചെന്ന് പറയുന്ന വ്യക്തികൾ ഇതുവരെ രേഖാമൂലം പരാതി നൽകിയിട്ടില്ല. ഇങ്ങനെയൊരു പുകമറ സൃഷ്ടിച്ച് വലിയ വിവാദമുണ്ടാക്കിയപ്പോൾത്തന്നെ പാർട്ടി നടപടിക്രമങ്ങളിലേക്ക് കടന്നു. ഇത്രയും പെട്ടെന്ന് ഏതെങ്കിലും പാർട്ടി നടപടി എടുത്തിട്ടുണ്ടോ? ഇത്രയും ഗുരുതരമായ വിഷയങ്ങളുണ്ടായെന്ന് പറഞ്ഞാൽ കോൺഗ്രസ് പാർട്ടി കർശനമായ നടപടി സ്വീകരിക്കും. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല. പക്ഷേ പുകമറ കേട്ടിട്ട് ചാടി ഓടി നടപടിയെടുക്കാനാകില്ല. ഈയൊരു ആരോപണം വന്നപ്പോൾത്തന്നെ അദ്ദേഹത്തോട് സ്ഥാനമൊഴിയാൻ പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് എം എൽ എ സ്ഥാനം രാജിവയ്ക്കാനാകുമോ?
ബി ജെ പിയുടെ അലയൻസ് പാർട്ടിയിലുള്ള കർണ്ണാടകയിലെ എംപിയുടെ ആയിരം വീഡിയോകളാണ് ഇറങ്ങിയത്. നൂറുകണക്കിന് പരാതികൾ വന്നു. എം പി സ്ഥാനം രാജിവയ്ക്കാതെയാണ് ജയിലിൽ കിടന്നത്. നിങ്ങൾക്കറിയുമോ? കോടതിയാണ് അയാളെ അയോഗ്യനാക്കിയത്. ഇവിടെ അത്തരത്തിൽ ഗുരുതരമായ ഒരു വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് പാർട്ടി പരിശോധിക്കുമെന്ന് പറഞ്ഞല്ലോ. അതിനെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്. മുഖം നോക്കാതെ കർശനമായി നടപടി സ്വീകരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്.'- എംപി പറഞ്ഞു.