ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് തീ പടർന്നെന്ന് സംശയം; തലസ്ഥാനത്ത് വീട് കത്തിനശിച്ചു

Friday 22 August 2025 10:17 AM IST

തിരുവനന്തപുരം: കാട്ടാക്കടയിൽ വീടിന് തീപിടിച്ച് വാഹനങ്ങളും വീട്ടുപകരണങ്ങളും ഉൾപ്പെടെ കത്തിനശിച്ചു. ആര്യനാട് പൊലിസ് സ്റ്റേഷൻ പരിധിയിൽ ഉറിയക്കോട് എൽപി സ്കൂളിനുസമീപത്തെ വീട്ടിൽ ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു അപകടമുണ്ടായത്. കാർപോർച്ചിലുണ്ടായിരുന്ന ബുള്ളറ്റ് ബൈക്കും ഇലക്ട്രിക് സ്‌കൂട്ടറും ഒരു സൈക്കിളും കത്തിനശിച്ചു. വീട് നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന മര ഉരുപ്പടികളും കത്തി നശിച്ചിട്ടുണ്ട്. സുകു എന്നയാളാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നത്.

ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് തീ പടർന്നതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിനെ തുടർന്ന് വീടും പരിസരവും പുക നിറഞ്ഞതോടെ ശ്വാസതടസം നേരിട്ട വീട്ടുകാർ വളരെ പണിപ്പെട്ട് പിൻവാതിലിലൂടെ പുറത്തേക്കിറങ്ങുകയായിരുന്നു. തീ ആളിപ്പടരുന്നത് കണ്ടതോടെ സുകു വീടിനുളളിൽ പ്രവേശിച്ച് അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ എടുത്ത് പുറത്തേക്കെറിഞ്ഞതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ കാട്ടാക്കട അഗ്നിരക്ഷാ സേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

തീ പിടിത്തത്തിൽ വീടിന് കാര്യമായ കേടുപാടുകളുണ്ടായിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിവരം. തീ പടരാനുള്ള കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.