'പരാതി പറഞ്ഞ സ്ത്രീകളെ ആക്ഷേപിച്ചിട്ടില്ല, എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു'
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി പറഞ്ഞ സ്ത്രീകളെ ആക്ഷേപിച്ചിട്ടില്ലെന്ന് വി കെ ശ്രീകണ്ഠൻ എംപി. താൻ പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു. രാഹുലിനെ വെള്ളപൂശിയിട്ടില്ലെന്നും അദ്ദേഹം വ്യക്തകമാക്കി. പരാതി പറഞ്ഞ സ്ത്രീകൾ അർദ്ധ നഗ്നയായി മന്ത്രിമാർക്കൊപ്പം നിൽക്കുന്നെന്ന ശ്രീകണ്ഠന്റെ പരാമർശമാണ് വിവാദമായത്. തന്റെ പരാമർശം തെറ്റായി തോന്നിയെങ്കിൽ പിൻവലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പരാതിക്കാരിയെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാണ് ഞാൻ പറഞ്ഞത്. ഇതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് നോക്കണം. മന്ത്രിമാരുടെ കൂടെ അവർ നിൽക്കുന്ന ഫോട്ടോകൾ കണ്ടില്ലേ. അതുപോലെതന്നെ അവരുടെ മറ്റുപല ഫോട്ടോകളും പ്രസിദ്ധീകരിച്ചത് നിങ്ങളല്ലേ എന്നാണ് ഞാൻ ചോദിച്ചത്.
അതായത് മന്ത്രിമാരുടെയൊപ്പം അവർ നിൽക്കുന്ന ഫോട്ടോ കണ്ടില്ലേയെന്ന് നിങ്ങളോടാണ് ചോദിച്ചത്. നിങ്ങളല്ലോ കൊടുത്തത്, അപ്പോൾ നിങ്ങൾക്കറിയില്ലേ ഏതൊക്കെ മന്ത്രിമാരാണെന്ന്. സോഷ്യൽ മീഡിയയിൽ അവരുടെ ഫോട്ടോ വരുന്നില്ലേ. ഗൂഢാലോചയുണ്ടോയെന്ന് നോക്കണ്ടേ. ഒരിക്കലും പരാതി പറഞ്ഞവരെ പ്രതിസ്ഥാനത്ത് നിർത്തുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നത് കോൺഗ്രസിന്റെ രീതിയല്ല.
ഒരിക്കലും സ്ത്രീയേയോ പുരുഷനെയോ അപമാനിക്കുന്നത് എന്റെ രീതിയല്ല. ഈ ആക്ഷേപം ഗൗരവമായി എടുക്കുന്നെന്നാണ് പറഞ്ഞത്. അവർ പറഞ്ഞ ആരോപണം പുകമറയാണ്. രേഖാമൂലം പരാതിയില്ലാതെ തന്നെ കോൺഗ്രസ് പാർട്ടി നടപടിയെടുക്കുന്നെന്നാണ് പറഞ്ഞത്. നിയമവിരുദ്ധമായി ചെയ്താൽ ഒരിക്കലും ന്യായീകരിക്കില്ലെന്ന് പറഞ്ഞു. നിങ്ങൾ കൊടുത്തത് എന്താണ്? രാഹുലിനെ വെള്ളപൂശി ശ്രീകണ്ഠൻ, രാഹുലിനെ ന്യായീകരിച്ച് ശ്രീകണ്ഠൻ എന്നൊക്കെ. ഞാൻ എവിടെയാണ് വെള്ളപൂശിയത്. ഒരു വ്യക്തിക്ക് കിട്ടേണ്ട നിയമപരമായ സംരക്ഷണം അദ്ദേഹത്തിന് കിട്ടണം. അദ്ദേഹത്തിനെതിരായ ആരോപണം രേഖാമൂലമല്ല. എന്നിട്ടും പാർട്ടി നടപടിയെടുത്തു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കും.'- അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.