പാലക്കാട് സ്‌കൂളിലെ സ്‌ഫോടനം; ആയുധ പരിശീലനം നടത്തിയ സ്‌കൂളിന്റെ എൻഒസി റദ്ദാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Friday 22 August 2025 12:50 PM IST

പാലക്കാട്: മൂത്താൻതറ സ്‌കൂളിലെ സ്‌ഫോടനത്തിൽ ആർഎസ്‌എസിന് ബന്ധമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ കോമ്പൗണ്ടിനുള്ളിൽ നാല് ബോംബുകൾ ഉണ്ടായിരുന്നു. വരാൻ പോകുന്ന തിരഞ്ഞെടുപ്പ് കണക്കാക്കി സൂക്ഷിച്ചതാണെന്നാണ് സംശയം. ആയുധപരിശീലനം നടത്തിയതിനാൽ സ്‌കൂളിന്റെ എൻഒസി റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.

'ആർഎസ്‌എസിന്റെ ക്യാമ്പ് നടക്കുന്ന ഗ്രൗണ്ടാണ്. ആർഎസ്‌എസിന് ബന്ധമുണ്ട്. ഏത് സ്‌കൂൾ ആയിരുന്നാലും അതിനുള്ളിൽ ആയുധ പരിശീലനം നടത്താൻ പാടില്ല. ക്യാമ്പസിനുള്ളിൽ റൂട്ട് മാർച്ചും ആയുധ പരിശീലനവും നടത്തേണ്ട. വിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദേശം നൽകിയിട്ടുണ്ട്' - വി ശിവൻകുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മൂത്താൻതറ വിദ്യാനികേതൻ സ്‌കൂളിന്റെ പരിസരത്ത് സ്‌ഫോടനമുണ്ടായത്. അപകടത്തിൽ പത്ത് വയസുകാരന് പരിക്കേറ്റിരുന്നു. സ്‌കൂൾ വളപ്പിൽ നിന്ന് ലഭിച്ച സ്‌ഫോടക വസ്‌തുവാണ് പൊട്ടിത്തെറിച്ചത്. മാരക സ്‌ഫോടക വസ്‌തു എന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. മനുഷ്യജീവന് ഭീഷണിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌ഫോടക വസ്‌തു ഉപേക്ഷിച്ചതെന്നും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കുട്ടികൾക്കെതിരായ ക്രൂരത, സ്‌ഫോടക വസ്‌തു നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പത്ത് വയസുള്ള കുട്ടിക്ക് പരിക്കേറ്റിട്ടുള്ളതിനാൽ ജുവനൈൽ ജസ്റ്റിസ് വകുപ്പിലെ 75-ാം വകുപ്പും ചുമത്തിയിട്ടുണ്ട്.