രാവിലെ വെള്ളം കോരിയ കിണർ 10 മണിക്ക് നോക്കിയപ്പോൾ കാണാനില്ല; ഭയന്നുവിറച്ച് നാട്ടുകാരും വീട്ടുകാരും
മലപ്പുറം: നിറമരുതൂർ പഞ്ചായത്തിൽ വീട്ടുമുറ്റത്തുണ്ടായിരുന്ന കിണർ ഇടിഞ്ഞുതാണു. എട്ടാം വാർഡ് പത്തമ്പാട് പാണർതൊടുവിൽ കുഞ്ഞാലിയുടെ വീട്ടുമുറ്റത്തെ കിണറാണ് ഞൊടിയിടയിൽ അപ്രത്യക്ഷമായത്. വ്യാഴാഴ്‌ച രാവിലെ പത്ത് മണിയോടെ വീട്ടുകാരി പുറത്തിറങ്ങിയപ്പോഴാണ് കിണർ അപ്രത്യക്ഷമായത് ശ്രദ്ധയിൽപ്പെട്ടത്. രാവിലെ വെള്ളം കോരിയ കിണറാണ് നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമായത്. ഇതോടെ വീട്ടുകാർ മാത്രമല്ല നാട്ടുകാരും പരിഭ്രാന്തിയിലായി.
കുഞ്ഞാലിയുടെ അയൽവാസിയായ വരിക്കോടത്ത് ഷാജിദിന്റെ വീട്ടുമതിലിനും കിണറിന്റെ പരിസരത്തും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇവർ ഉടൻതന്നെ പരിസരവാസികളെയും പഞ്ചായത്തിനെയും ജിയോളജി വിഭാഗത്തെയും വിവരം അറിയിച്ചു. വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് ഇസ്‌മായിൽ പുതുശേരിയും ഉടൻ സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം നടത്താൻ ജിയോളജി വിഭാഗത്തോട് ജില്ലാ കളക്‌ടർ നിർദേശം നൽകിയിട്ടുണ്ട്. സ്ഥലത്ത് കൂടുതൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ കിണർ മണ്ണിട്ട് നികത്തിയിരിക്കുകയാണ്.