വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള ദേഷ്യം, സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ
Friday 22 August 2025 3:40 PM IST
പാലക്കാട് : വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയുടെ കുടുംബത്തെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. അനങ്ങനടി പാവുക്കോണത്തെ യുവതിയുടെ വീടിനും വാഹനങ്ങൾക്കും നേരെയാണ് ആക്രമണം നടത്തിയത്. തൃക്കടീരി അട്ടശ്ശേരി പടിഞ്ഞാറേക്കര സ്വദേശികളായ മുഹമ്മദ് ഫാസിൽ (20) മുഹമ്മദ് സാദിഖ് (20) മുഹമ്മദ് ഫവാസ് (21) എന്നിവരാണ് ആക്രമണത്തിൽ പിടിയിലായത്.
ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ആക്രമണം നടന്നതിന് പിന്നാലെ യുവതിയുടെ ബന്ധുവാണ് പൊലീസിൽ പരാതി നൽകിയത്. ആയുധധാരികളായ പ്രതികൾ യുവതിയുടെ ബന്ധുവിന്റെ വീടുകൾക്ക് നേരെ ആക്രമണം അഴിച്ചു വിട്ടു. സ്ത്രീകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലും സംഘം തകർത്തു.