നോട്ടീസ് അയച്ചിട്ടും തിരിഞ്ഞു നോക്കിയില്ല, പൊതുജനാരോഗ്യചട്ടം ലംഘിച്ചതിന് പിഴ വിധിച്ച് കോടതി  

Friday 22 August 2025 4:11 PM IST

മലപ്പുറം: പൊതുജനാരോഗ്യചട്ടം ലംഘിച്ചതിന് മജിസ്‌ട്രേറ്റ് കോടതി വീട്ടുടമയ്ക്കും വാടകക്കാരനും 15,000 രൂപ വീതം പിഴ ചുമത്തി. കൊതുകിനും എലികൾക്കും വളരുന്ന സാഹചര്യം ഒരുക്കിയതിനും പകര്‍ച്ചവ്യാധി ഭീഷണി ഉയർത്തുന്ന തരത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചതിനുമാണ് പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പിഴ ചുമത്തിയത്.

വീട്ടുടമയും വാടകക്കാരനും 2023 ലെ പൊതുജനാരോഗ്യ നിയമത്തിലെ 21, 45, 53 വകുപ്പുകൾ ലംഘിച്ചതായി കോടതി കണ്ടെത്തി. ആരോഗ്യ വകുപ്പിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടും ഇരുവരും തിരുത്തൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് കേസെടുത്തത്.

പൊതുജനാരോഗ്യ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം ജില്ലയിൽ പിഴ ഈടാക്കുന്നത് ഇതാദ്യമാണ്. നെടുവ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ വി. അനൂപ് ആണ് കേസ് ഫയൽ ചെയ്തത്. പൊതുജനാരോഗ്യ നിയമം അവഗണിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് കോടതിയുടെ തീരുമാനം.