'നമ്മുടെ പൊലീസ് സേനയിലും മോശം ആളുകളുണ്ട്, ഞങ്ങൾ പരസ്പരം എന്താണ്  ചെയ്തതെന്ന്  രണ്ടുപേർക്കും മനസ്സിലായി' 

Friday 22 August 2025 4:53 PM IST

തിരുവനന്തപുരം: ശാസ്തമംഗലത്ത് കോൺഗ്രസ് നേതാവിന്റെ വാഹനം തടഞ്ഞതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലായ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. കോൺഗ്രസ് നേതാവ് വിനോദ് കൃഷ്ണയ്ക്കെതിരെ പരാതിയില്ലെന്നാണ് മാധവ് സുരേഷ് പറയുന്നത്. എന്തുതെറ്റാണ് ചെയ്തതെന്ന് ഇരുവർക്കും പരസ്പരം മനസിലായെന്നും മാധവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിൽ കുറിച്ചു.

'വിനോദ് കൃഷ്ണ സാറിനെതിരെ പരാതികളൊന്നുമില്ല, കാരണം ഞങ്ങൾ പരസ്പരം എന്താണ് ചെയ്തതെന്ന് രണ്ടുപേർക്കും മനസ്സിലായി, നമ്മുടെ പൊലീസ് സേനയിലും മോശം ആളുകളുണ്ട്. വിനോദ് സാറിന് പരാതി ഇല്ലാതിരുന്നിട്ടും അവരിൽ ഒരാൾ ഞാൻ പൊലീസ് ജീപ്പിൽ കയറുന്നത് ക്യാമറയിൽ പകർത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആഗ്രഹിച്ചു. അവിടെ എന്താണ് സംഭവിച്ചതെന്ന് അവിടെ കൂടിനിന്നവർക്ക് കൃത്യമായി അറിയാമായിരുന്നു. ആരും ശരിക്കും എന്താണ് സത്യമെന്ന് ശ്രദ്ധിക്കുന്നില്ല'. മാധവ് കുറിച്ചു.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് കെപിസിസി അംഗമായ വിനോദ് കൃഷ്ണയുടെ കാർ നടുറോഡിൽ വച്ച് മാധവ് സുരേഷ് തടഞ്ഞത്. കാറിന്റെ ബോണറ്റിൽ തട്ടി 'എന്റെ വണ്ടിക്കിട്ട് ഇടിക്കുന്നോടോ' എന്ന് ആക്രോശിച്ചുകൊണ്ടാണ് മാധവ് കോൺഗ്രസ് നേതാവിന്റെ അടുത്തേക്ക് ചെല്ലുന്നത്. കാറിന്റെ ബോണറ്റിൽ ഇടയ്ക്കിടെ കൈകൊണ്ട് ഇടിച്ചായിരുന്നു മാധവ് കാർ തടഞ്ഞത്. ഇതോടെ സ്ഥലത്ത് ആളുകൾ കൂടി.

പ്രശ്നം വഷളായതോടെ സ്ഥലത്ത് പൊലീസ് എത്തി. മാധവ് മദ്യപിച്ചിട്ടുണ്ടെന്ന് വിനോദ് ആരോപിച്ചതോടെ പൊലീസ് മാധവിനെ പൊലീസ് ജീപ്പിൽ കയറ്റി. ഈ സമയത്ത് ആരോ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. സ്റ്റേഷനിലേക്ക് എത്തിച്ച ശേഷം പരിശോധനയിൽ മദ്യപിച്ചില്ലെന്ന് തെളിഞ്ഞതോടെ ഇരുകൂട്ടരും സംസാരിച്ച് ധാരണയിൽ എത്തുകയായിരുന്നു. പരാതി ഇല്ലെന്ന് ഇരുവരും അറിയിച്ചതോടെ മാധവിനെയും വിനോദിനെയും പൊലീസ് വിട്ടയച്ചു.