രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോർച്ച നടത്തിയ എംഎൽഎ ഓഫീസ് മാർച്ചിൽ കോഴി ചത്തു, പരാതി
Friday 22 August 2025 5:39 PM IST
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം എന്നാവശ്യപ്പെട്ട് മഹിളാ മോർച്ച നടത്തിയ മാർച്ചിൽ പ്രവർത്തകർ കൊണ്ടുവന്ന കോഴി ചത്തതിൽ പരാതി. എംഎൽഎ ഓഫീസിലേക്ക് മഹിളാ മോർച്ച നടത്തിയ മാർച്ചിലാണ് ഇവർ കൊണ്ടുവന്ന കോഴി ചത്തത്. കോഴിയോട് ക്രൂരതകാട്ടിയ മഹിളാ മോർച്ച നേതാക്കൾക്കെതിരെ ജന്തുദ്രോഹ നിവാരണ കുറ്റം ചുമത്തി കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് എസ്‌പിസിഎ അംഗം ഹരിദാസ് മച്ചിങ്ങൽ മൃഗസംരക്ഷണ മേധാവി, അനിമൽ വെൽഫെയർ ബോർഡ്, എസ്‌പി എന്നിവർക്ക് നൽകിയ പരാതിയിൽ പറയുന്നത്.
ഇന്നലെയാണ് മഹിളാ മോർച്ച പ്രവർത്തകർ ഒരു കോഴിയെ എംഎൽഎ ഓഫീസ് ബോർഡിൽ കെട്ടിത്തൂക്കിയത്. ഇതിനുപിന്നാലെ ഉന്തുംതള്ളുമുണ്ടായി. പൊലീസ് പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കി. ഇതിനിടെ പ്രവർത്തകർ കൊണ്ടുവന്ന കോഴികൾ കൈവിട്ടുപോയി. പിന്നീട് പ്രവർത്തകർ തന്നെ ഇവയെ കണ്ടെത്തി കൊണ്ടുപോയി.