അഭിനയത്തിൽ അമ്പത് വർഷത്തിൽ പൗളി വത്സൻ നാളെ ജന്മനാടിന്റെ ആദരം
കൊച്ചി: അഭിനയജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിട്ട നാടക, സിനിമാനടി പൗളി വത്സനെ ജന്മനാട് ആദരിക്കുന്നു. നാളെ വൈകിട്ട് 5ന് വൈപ്പിൻ ഓച്ചന്തുരുത്ത് കുരിശിങ്കൽ പള്ളിക്കു സമീപമാണ് ചടങ്ങ്. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, സിപ്പി പള്ളിപ്പുറം തുടങ്ങിയ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖർ പൗളിക്ക് അനുമോദനവും ആശംസയും നേരാനെത്തും.
വൈപ്പിനിലെ ജയദർശൻ മ്യൂസിക്കൽ അക്കാഡമിയും വിവിധ കലാസംഘടനകളും സംയുക്തമായാണ് ആദരവ് സംഘടിപ്പിക്കുന്നത്. സഹനടി, മികച്ച ഡബിംഗ് എന്നിവയ്‌ക്ക് സംസ്ഥാന സിനിമാ അവാർഡുകൾ നേടിയ പൗളി ഹാസ്യപ്രധാനമായ വേഷങ്ങളിലൂടെ ശ്രദ്ധേയയാണ്. വൈപ്പിനിലെ വളപ്പിലാണ് പൗളി വത്സൻ താമസിക്കുന്നത്. ഭർത്താവ് വത്സൻ 2021ൽ മരിച്ചു. യേശുദാസ്, ആദർശ് എന്നിവരാണ് മക്കൾ. ആദർശ് സംഗീത അദ്ധ്യാപകനും ഗായകനുമാണ്.
ഫണ്ടമെന്റൽ നാടകത്തിലൂടെ തുടക്കം 1975ൽ ഫണ്ടമെന്റൽ എന്ന നാടകത്തിലൂടെയാണ് പ്രൊഫഷണൽ നാടകവേദിയിൽ പൗളി വത്സൻ പ്രവേശിച്ചത്. പി.ജെ. ആന്റണിയുടെ നാടകക്കളരിയിൽ തുടങ്ങി രാജൻ പി. ദേവ്, സേവ്യർ പുൽപ്പാട്, കുയിലൻ, ആലുംമൂടൻ, സലിംകുമാർ എന്നിവരുടെ ട്രൂപ്പുകളിലൂടെ നൂറുകണക്കിനു നാടകങ്ങളിൽ വൈവിദ്ധ്യമാർന്ന വേഷങ്ങൾ മികവോടെ അവതരിപ്പിച്ചു. മമ്മൂട്ടി നായകനായ അണ്ണൻ തമ്പി എന്ന ചിത്രത്തിൽ അഭിനയിച്ച് 2008ൽ സിനിമയിലെത്തി.
നിരവധി പുരസ്കാരങ്ങൾ
ഈ.മ.യൗ, ഒറ്റമുറി വെളിച്ചം എന്നീ സിനിമകളിലെ അഭിനയത്തിന് 2017ലെ മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കി. സൗദി വെള്ളക്ക എന്ന ചിത്രത്തിൽ ശബ്ദം നൽകിയതിനാണ് 2022ലെ മികച്ച ഡബിംഗ് കലാകാരിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്. മലയാള സിനിമയിലെ മുൻനിര അഭിനേതാക്കൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ' അപ്പൻ' എന്ന സിനിമയിൽ കുട്ടിയമ്മ എന്ന ഗൗരവമുള്ള കഥാപാത്രം വേറിട്ടുനിൽക്കുന്നതാണ്.