ആത്മയിൽ വീണ്ടും ശമ്പള പ്രതിസന്ധി ഉടൻ വിതരണമെന്ന് അധികൃതർ
കൊച്ചി: കാർഷിക വിജ്ഞാന വ്യാപനത്തിനായി പ്രവർത്തിക്കുന്ന സർക്കാർ ഏജൻസിയായ അഗ്രി ടെക് മാനേജ്‌മെന്റ് ഏജൻസിയിലെ (ആത്മ) ജീവനക്കാർക്ക് വീണ്ടും ശമ്പള പ്രതിസന്ധി. മെയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ശമ്പളം മുടങ്ങിയത്. അതേസമയം, കുടിശികയുള്ള ശമ്പളം ഉടൻ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ജോയിന്റ് ഡയറക്ടർ തസ്തികയിലുള്ള ജില്ലാതല ജീവനക്കാർ മുതൽ ബ്ലോക്ക് തലത്തിലുള്ള ഫീൽഡ് ജീവനക്കാർ വരെ വേതനം ലഭിക്കാതെ ബുദ്ധിമുട്ടുന്നു. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സംയുക്ത ഫണ്ടിലാണ് ഏജൻസി പ്രവർത്തിക്കുന്നത്. എല്ലാ മാസവും ഫണ്ട് ലഭിക്കാറില്ലെന്നും പല മാസങ്ങളിലെ തുക ഒരുമിച്ചാണ് ലഭിക്കാറുള്ളതെന്നും അധികൃതർ വിശദീകരിച്ചു. എന്നാൽ, മറ്റ് ജില്ലകളിൽ ശമ്പള വിതരണം പൂർത്തിയായെങ്കിലും എറണാകുളത്ത് മാത്രം വൈകുകയാണ്. ബില്ല് ട്രഷറിയിൽ സമർപ്പിച്ചാലും പണം ലഭിക്കാൻ ആറ് ദിവസം വരെ എടുക്കുമെന്നും ജീവനക്കാർ പറയുന്നു.
കർഷകർക്കായുള്ള പഠനയാത്രകൾ, പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തൽ, കാർഷിക യന്ത്രവൽക്കരണം തുടങ്ങിയ നിരവധി പദ്ധതികളാണ് ആത്മ വഴി നടത്തുന്നത്. ഫണ്ട് പ്രതിസന്ധി പദ്ധതികളെയും ബാധിച്ചിട്ടുണ്ട്.
35 ജീവനക്കാർ
'ആത്മ' ജില്ലാ ഓഫീസിന് കീഴിൽ 3 സ്ഥിരം ജീവനക്കാരും 32 കരാർ ജീവനക്കാരുമാണുള്ളത്.
60 ശതമാനം കേന്ദ്രഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടും ഉപയോഗിച്ചാണ് ആത്മയുടെ പ്രവർത്തനം.
ആത്മ
കൃഷി വകുപ്പിന് കീഴിൽ കൃഷി, മൃഗ സംരക്ഷണം, ഫിഷറീസ്, ക്ഷീര വികസനമുൾപ്പെടെയുള്ള മേഖലയിൽ വിജ്ഞാന വ്യാപന രംഗത്ത് ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്ന ഏക സംവിധാനമാണ് ആത്മ. 2005-08 കാലത്താണ് ആത്മ സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചത്. ബ്ലോക്കുതലത്തിൽ ജീവനക്കാരെ നിയമിച്ചത് 2012 മുതലാണ്.
ജീവനക്കാരുടെ ലീവ് ലെറ്ററുകളുടെ അഭാവം ശമ്പളം കണക്കാക്കുന്നതിന് തടസമായിരുന്നു. വിഷയം പരിഹരിച്ചിട്ടുണ്ട്.
- സഞ്ജു, പ്രോജക്ട് ഡയറക്ടർ
എറണാകുളം