അജ്ഞാത സ്ത്രീയുടെ മൃദേഹം  മാലിന്യടാങ്കിൽ കണ്ടെത്തി   കൊലപാതകമെന്ന് പൊലീസ്

Friday 22 August 2025 8:42 PM IST

കോതമംഗലം: ഊന്നുകല്ലിലെ മൃഗാശുപത്രിക്ക് സമീപം ആളില്ലാത്ത വീടിന്റെ മാലിന്യടാങ്കിനോട് ചേർന്ന ഓടയിൽ അജ്ഞാതയായ സ്ത്രീയുടെ മൃതദേഹം ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം അറുപത് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. അടച്ചിട്ടിരുന്ന ഹോട്ടലിന്റെ പിന്നിലുള്ള വീട്ടിലെ മാലിന്യ ടാങ്കിനോട് ചേർന്ന മാൻഹോളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ ഉടമസ്ഥനായ ഫാ. മാത്യൂസ് കണ്ടോത്തറക്കൽ രാവിലെ വീട്ടിലെത്തിയപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

വീടിന്റെ വർക്ക് ഏരിയയിൽ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളും രക്തക്കറയും കണ്ടതായി ഫാ. മാത്യു പൊലീസിന് മൊഴി നൽകി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കൊലപാതകത്തിന് ശേഷം മാൻഹോളിൽ ഒളിപ്പിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകം ഏകദേശം മൂന്ന് ദിവസം മുമ്പ് നടന്നതാകാമെന്നാണ് നിഗമനം.

റൂറൽ എസ്.പി. ഹേമലതയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും തെളിവുകൾ ശേഖരിച്ചു. മൂവാറ്റുപുഴ ഡി.വൈ.എസ്.പി.യും പെരുമ്പാവൂർ എ.എസ്.പി.യും ഉൾപ്പെട്ട പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.

കുറുപ്പംപടി വേങ്ങൂർ സ്വദേശിനിയായ ഒരു സ്ത്രീയെ മൂന്ന് ദിവസം മുമ്പ് കാണാതായിരുന്നു. മൃതദേഹം അവരുടേതാകാനുള്ള സാദ്ധ്യത പൊലീസ് സംശയിക്കുന്നുണ്ട്. എന്നാൽ മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാൽ ബന്ധുക്കൾക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഈ സ്ത്രീയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇൻക്വസ്റ്റിന് ശേഷം രാത്രി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.