'അരാഷ്ട്രീയം പടരുന്നത് ക്യാമ്പസുകളെ തകർക്കും'
വി.കെ. സനോജ്
വൈസ് ചെയർമാൻ
യുജന ക്ഷേമ ബോർഡ്
രാജ്യപുരോഗതി യുവതയിലൂടെ ചലിക്കുന്നു എന്നാണ്. അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഊർജ്ജസ്വലമായ യുവത്വത്തിലാണ് നാടിന്റെ പ്രതീക്ഷ. രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ, മനോവീര്യത്തിൽ യുവാക്കൾക്ക് കാലിടറുന്നുണ്ടോ...നാടുവിട്ട് പലായനം ചെയ്യുന്ന യൗവനം നാടിന്റെ പുരോഗതിയെ പിന്നോട്ടടിക്കില്ലേ തുടങ്ങിയ ആശങ്കകൾ ചർച്ചയാവുമ്പോൾ, യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ വി.കെ സനോജ് 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.
? രാഷ്ട്രീയ ബോധമുള്ളവരും രാജ്യപുരോഗതിയിൽ തങ്ങളുടെ പങ്കിനെക്കുറിച്ച് ചിന്തിക്കുന്നവരുമായിരുന്നു മുൻതലമുറ. പുതിയ തലമുറ ഇതിന് വിപരീതമാണോ?
മുൻതലമുറ ശരിയും പുതിയ തലമുറ തെറ്റും എന്ന് പഴിക്കുന്നതിനോട് യോജിക്കുന്നില്ല. അരാഷ്ട്രീയവാദികൾ എല്ലാക്കാലത്തുമുണ്ട്. സാമൂഹ്യ വിഷയങ്ങളോട് പുറംതിരിഞ്ഞു നടന്ന കൂട്ടർ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടപ്പോഴും ഉണ്ടായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിൽ ബ്രിട്ടീഷ് യൂണിയൻ ജാക്ക് വലിച്ചുതാഴ്ത്തുന്ന സമരത്തിൽ വിരലിലെണ്ണാവുന്നവരാണ് പങ്കെടുത്തത്. മഹാഭൂരിപക്ഷവും ക്ലാസുകളിൽ നല്ലകുട്ടികളായി ഇരിക്കുകയായിരുന്നു. സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ തോന്ന്യാസികളായാണ് ചിത്രീകരിക്കപ്പെട്ടത്. എന്നാൽ ക്ലാസ്‌മുറികൾ വിട്ട് സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് ചാടിയവരും ജയിൽവാസമനുഷ്ഠിച്ചവരും പൊലീസിന്റെ മർദ്ദനമുറകൾക്ക് ഇരയായവരുമാണ് ചരിത്രം സൃഷ്ടിച്ചത്.
പുതിയകാലത്ത് യുവജനങ്ങളിൽ വലിയൊരു പങ്ക് സോഷ്യൽ മീഡിയയുടെ സ്വാധീനവലയത്തിലാണ്. എന്നാൽ നാടിന്റെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ സന്നദ്ധരായ വിദ്യാർത്ഥികളും യുവജനങ്ങളും ഇപ്പോഴുമുണ്ട്. ദുരന്തമുഖങ്ങളിൽ കൈമെയ് മറന്ന് സന്നദ്ധപ്രവർത്തനത്തിന് ആദ്യമെത്തുന്നത് യുവാക്കളാണ്. കലാപരിപാടികൾ മാത്രം സംഘടിപ്പിച്ചിരുന്ന യുവത സ്റ്റാർട്ട് അപ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്ന തലത്തിലേക്ക് ഉയർന്നു. സാമ്പത്തിക ബാദ്ധ്യതകളും ജീവിതഭാരങ്ങളുമുള്ള ഒരുവിഭാഗം രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കുന്നതും യാഥാർത്ഥ്യമാണ്.
? കലാലയ രാഷ്ട്രീയം ദുർബലമായത് യുവതലമുറയുടെ കരുത്തിനെയും നേതൃപാടവത്തെയും ബാധിച്ചിട്ടില്ലേ.
വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനത്തെ പടിയടച്ചു പിണ്ഡംവച്ചതോടെ ക്യാമ്പസുകൾ അരാഷ്ട്രീയത്തിന്റെ വിളനിലമായി. ലഹരിയുടെ വിളയാട്ടവും റാഗിംഗും വർഗീയ വിഘടനവാദവും കൂടുതലുള്ളത് വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കപ്പെട്ട ക്യാമ്പസുകളിലാണ്. മാനേജ്മെന്റുകളുടെ ഫീസ് കൊള്ളയും സദാചാര പൊലീസിംഗും വിദ്യാർത്ഥി ആത്മഹത്യകളും നാം കണ്ടു. സ്‌കൂളുകളിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിച്ചപ്പോൾ കുട്ടികൾ സംഘർഷത്തിലേക്ക് പോയിത്തുടങ്ങി.
വിദ്യാർത്ഥികൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കേണ്ടതുണ്ടോയെന്ന ചോദ്യം വ്യാപകമായപ്പോൾ ഗാന്ധിജിയാണ് വേണമെന്നു പറഞ്ഞത്. അക്രമത്തെയും അരാഷ്ട്രീയതയെയും ലഹരി മാഫിയയെയും ഗ്യാംഗിസത്തെയും വർഗീയ വിഘടനവാദത്തെയും ചെറുക്കാൻ വിദ്യാർത്ഥി രാഷ്ട്രീയം അനിവാര്യമാണ്.
? ലോണെടുത്ത് സ്റ്റാറ്റസ് പ്രദർശിപ്പിക്കുന്ന, സാമ്പത്തിക അച്ചടക്കമില്ലാത്തവരാണ് പുതിയ തലമുറയെന്ന് മുതിർന്നവർ പരിതപിക്കുന്നതിൽ വാസ്തവമുണ്ടോ.
കടക്കെണിയിൽപ്പെട്ട് ആത്മഹത്യ ചെയ്യുന്ന ചെറുപ്പക്കാരുടെ എണ്ണം ഭീതിപ്പെടുത്തുന്നതാണ്. കൂടുതൽ ജീവനുകളും ബലികഴിക്കപ്പെടുന്നത് ആർഭാടജീവിതത്തിനായി വരുത്തിവച്ച കടം കാരണമാണ്. ജീവിതം ആഘോഷിച്ചു തീർക്കാനുള്ളതാണെന്ന വ്യാജപ്രതീതി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അത്തരം പ്രലോഭനങ്ങളെ അതിജീവിക്കണം. മായികലോകത്തെ മറികടന്ന് യുവജനങ്ങളെ യാഥാർത്ഥ്യബോധത്തിലേക്കും സാമൂഹിക ഉത്തരവാദിത്വത്തിലേക്കും കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. തൊഴിൽസമരങ്ങളിൽ ഇടപെടാതെ കടമെടുത്ത് അടിച്ചുപൊളിച്ചു ജീവിക്കാമെന്ന് കരുതുന്നവർക്ക് യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കേണ്ടിവരും.
? പ്രൊഫഷണലുകളും കലാകാരന്മാരും ഉൾപ്പെടെ യുവാക്കളിലെ ലഹരി ഉപയോഗം അപകടകരമായിട്ടുണ്ട്.
കേരളത്തെ സിന്തറ്റിക്ക് ലഹരിയുടെ ഹബ്ബാക്കി മാറ്റാൻ ലഹരി മാഫിയ ശ്രമിക്കുന്നുണ്ട്. സർക്കാർ വളരെ ശക്തമായി ലഹരിവേട്ടയും ബോധവത്‌കരണവും നടത്തുന്നുണ്ട്. സർക്കാരും പൊതുജനങ്ങളും രാഷ്ട്രീയപാർട്ടികളും യുവജന സംഘടനകളും ഒന്നിച്ചു പ്രവർത്തിച്ചാലേ ഇതിൽനിന്ന് കരകയറാനാവൂ. പ്രൊഫഷണലുകളും കലാകാരന്മാരും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരും ലഹരിവിരുദ്ധ അംബാസഡർമാരാവണം.
? പ്രതികാരബുദ്ധി സോഷ്യൽ മീഡിയയിലെ അപവാദ പ്രചാരണത്തിലേക്ക് വഴിമാറിയിരിക്കുന്നു. യുവാക്കളെ തിരുത്തേണ്ടേ?
സോഷ്യൽ മീഡിയാ സാക്ഷരത കൂടി ഉറപ്പുവരുത്തേണ്ടതുണ്ട്. നവമാദ്ധ്യമങ്ങളിലെ അപവാദപ്രചാരണം നിയന്ത്രിക്കാൻ നിയമത്തിന് ശക്തികൂട്ടണം. ഫേസ്ബുക്കിന്റെ ജൂറിസ്ഡിക്ഷൻ അമേരിക്കയാണ് എന്നതാണ് ഒരു പോരായ്മ. നവമാദ്ധ്യമങ്ങളിലെ മുഖമില്ലാത്തവരെ എന്നെന്നേക്കുമായി നീക്കണമെങ്കിൽ നിയമനിർമാണം കൂടി വേണ്ടിവരും.
? തൊഴിലിടങ്ങളിലെ മാനസിക സമ്മർദ്ദത്തെക്കുറിച്ച് യുവാക്കൾ പരാതിപ്പെടുന്നുണ്ടോ.
ഐ.ടി മേഖലയിലൊക്കെ യുവാക്കൾ സമാനതകളില്ലാത്ത തൊഴിൽചൂഷണത്തിന് ഇരയാകുന്നുണ്ട്. പന്ത്രണ്ട് മുതൽ പതിനാറ് മണിക്കൂർവരെയൊക്കെ ജോലി ചെയ്യേണ്ടിവരുന്നു. ഏതു നിമിഷവും തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിൽ ജോലിചെയ്യേണ്ട അവസ്ഥയാണ് പലർക്കും. ഐ.ടി മേഖലയിൽ മാത്രം തൊഴിൽപീഡനം മൂലമുള്ള ആത്മഹത്യകൾ നിരവധിയാണ്. ആധുനിക ബാങ്കിംഗ് മേഖലയിലെ തൊഴിൽസമ്മർദ്ദം താങ്ങാനാവാതെ ജീവൻ ബലികഴിച്ചവരുടെ എണ്ണവും ഞെട്ടിക്കുന്നതാണ്.
മലയാളിയായ അന്നാ സെബാസ്റ്റ്യൻ എന്ന യുവതി കടുത്ത ജോലി സമ്മർദ്ദം കാരണമാണ് ആത്മഹത്യ ചെയ്തത്. അന്നയുടെ അമ്മയുടെ കത്ത് പുറത്തു വന്നതിനു ശേഷമാണ് ലോകം കാര്യമറിഞ്ഞത്. ജോലിയിലെ അസ്ഥിരതയും ഏതു നിമിഷവും ടെർമിനേറ്റ് ചെയ്യപ്പെടുമെന്ന ഭയത്തിലുമാണ് പലരും ജോലിചെയ്യുന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നതും തൊഴിൽനഷ്ടത്തിന് ഇടയാക്കുന്നുണ്ട്. ജോലി സ്ഥിരതയ്ക്കൊപ്പം മാനസികാരോഗ്യവും ഉറപ്പുവരുത്താൻ ശക്തമായ ഇടപെടൽ അത്യാവശ്യമാണ്.
? യുവാക്കൾ വിദേശങ്ങളിൽ സ്ഥിരതാമസമാക്കുന്നത് നാടിന്റെ പുരോഗതിയെ ബാധിക്കുന്നില്ലേ.
ഉപരിപഠനത്തിന് മറ്റു സംസ്ഥാനങ്ങളിൽനിന്നും യുവജനങ്ങൾ വിദേശത്തേക്കു പോകുന്നുണ്ട്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി അതിൽ വർദ്ധനയുണ്ടായിട്ടുണ്ട്. ടെക്‌നോളജികൾ ദൂരത്തെയും സമയത്തെയും പിന്നിലാക്കുന്ന കാലത്ത് സങ്കുചിത അതിർത്തി സങ്കല്പങ്ങൾക്കും അപ്പുറത്താണ് ഈ കുടിയേറ്റങ്ങൾ. കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് നാട്ടിൽത്തന്നെ തൊഴിൽ നൽകാനുള്ള ശ്രമം സർക്കാർ നടത്തുന്നുണ്ട്. യൂറോപ്പിൽ നിന്നും ചൈനയിൽ നിന്നും മറ്റും നമ്മുടെ യൂണിവേഴ്സിറ്റികളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠനം നടത്തുന്നതും വിസ്മരിച്ചുകൂടാ. എന്നിരുന്നാലും കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കൾക്ക് കേരളത്തിൽത്തന്നെ തൊഴിൽ സാഹചര്യം ഒരുക്കേണ്ടതുണ്ട്.
? യുവാക്കളിൽ വർദ്ധിക്കുന്ന ആത്മഹത്യ ആശങ്കാജനകമല്ലേ.
യുവാക്കളിലെ ആത്മഹത്യ തടയാൻ ജീവിതത്തെക്കുറിച്ചുള്ള സമഗ്രമായ വീക്ഷണമുണ്ടാക്കണം. യുവാക്കളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ കുടുംബത്തിനും സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. യുവാക്കളുടെ മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കും.
? യുവജന ക്ഷേമ ബോർഡിന്റെ പ്രവർത്തനങ്ങൾ.
കേരളത്തിലെ യുവജനങ്ങളുടെ ഏറ്റവും വലിയ കലാ-കായിക വേദിയായ കേരളോത്സവം വലിയ ജനപങ്കാളിത്തത്തോടെ നടന്നുവരുന്നു. പഞ്ചായത്തുതലം മുതൽ സംസ്ഥാനതലം വരെ ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് അണിനിരക്കുന്നത്. ദേശീയോത്സവത്തിൽ കേരളത്തിൽനിന്നുള്ള കലാകാരന്മാരെ പങ്കെടുപ്പിച്ചുവരുന്നു. യുവതീ ക്ലബ്ബുകൾ രൂപീകരിച്ച് കൂടുതൽ യുവതികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനം നടക്കുന്നു. യുവതികൾക്ക് സംരംഭം ആരംഭിക്കാനും സ്വയംതൊഴിലിനും പരിശീലനം നൽകിവരുന്നു.
മലയോരമേഖലയിലും തീരദേശമേഖലയിലും യുവ ക്ലബ്ബുകൾ രൂപീകരിക്കുകയാണ്. കേരളത്തിലെ ക്ലബ്ബുകൾക്ക് ആവശ്യമായ സ്‌പോർട്സ് കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തിയെടുക്കാൻ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ശാസ്ത്ര ക്വിസുകൾ ജില്ലകൾ കേന്ദ്രീകരിച്ച് നടന്നുവരുന്നു. യുവാക്കളുടെ സ്റ്റാർട്ട് അപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റാർട്ട് അപ്പ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നു. സ്ത്രീധന ആത്മഹത്യകളും കൊലപാതകങ്ങളും പെരുകുന്ന വേളയിൽ ഒരു സ്ത്രീധനരഹിത മാര്യേജ് പോർട്ടൽ ആരംഭിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. കല്യാണ ആഡംബരങ്ങൾക്കെതിരെയും മയക്കുമരുന്ന് ലഹരി മാഫിയയ്ക്കെതിരെയും ശക്തമായ ബോധവത്കരണ കാമ്പയിനുകൾ കൊണ്ടുവരും.