'എത്ര അപകടകരമായ ദൃശ്യം', വടി ഉപയോഗിച്ച് പാമ്പിനെ പിടികൂടി ബാലൻ,​ വൈറൽ വീഡിയോ

Friday 22 August 2025 9:55 PM IST

സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വീ‌ഡിയോകളാണ് ദിനംപ്രതി പോസ്റ്റ് ചെയ്യപ്പെടുന്നത്. ഇതിൽ കുട്ടികളുടെയും മൃഗങ്ങളുടെയും പാമ്പിന്റെയും ഒക്കെ വിഡിയോകൾ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്,​ അത്തരത്തിൽ ഒരു കൊച്ചു കുട്ടിയുടെ സാഹസികമായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഒരു ആൺ കുട്ടി കൈയിൽ പാമ്പുമായി നിൽക്കുന്നതാണ് എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ കാണാൻ കഴിയുന്നത്. ഇതിൽ ഏറ്റവും കൗതുകം സൃഷ്ടിച്ചത് ഈ പാമ്പിനെ കുട്ടി തന്നെ പിടിച്ചു എന്നതാണ്. പാമ്പിനെ പിടികൂടുന്ന വടി മാത്രം ഉപയോഗിച്ചു കൊണ്ടാണ് കുട്ടി പാമ്പിനെ പിടിച്ചത്. വീഡിയോ വൈറലായതിനൊപ്പം ആശങ്കയും സൃഷ്ടിക്കുന്നുണ്ട്.

പലരും അശാസ്ത്രീയമായ രീതിയിൽ പാമ്പുകളെ പിടികൂടുന്നതാണ് കാണാറുള്ളത്. എന്നാൽ ഇവിടെ കുട്ടി പരിചയ സമ്പന്നനായ ആളെപ്പോലെയാണ് പാമ്പിനെ പിടികൂടുന്നത്. എക്സിൽ മഞ്ജു എന്നയാളാണ് വീഡിയോ ഷെയർ ചെയ്തത്. കുട്ടിയെ പ്രശംസിക്കുന്നുണ്ടെങ്കിലും ഇത്തരം ധൈര്യം ചിലസമയത്ത് ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം എന്ന് നിരവധി പേർ കമന്റ് ചെയ്യുന്നു. ചെറിയ അശ്രദ്ധയ്ക്ക് പോലും ജീവന്റെ വിലയുണ്ടെന്നും ചിലർ പറയുന്നു. എത്ര അപകടരമായ ദൃശ്യം എന്നാണ് ഒരാൾ പറഞ്ഞിരിക്കുന്നത് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് കുട്ടിക്കും പാമ്പിനും ഒരു പോലെ ദോഷകരം എന്നും ചിലർ അഭിപ്രായപ്പെടുന്നു.