ഫിറ്റ്നസ് സെന്ററിലെ ആക്രമണം : രണ്ട് പ്രതികൾ കൂടി പിടിയിൽ 

Friday 22 August 2025 9:55 PM IST
സനു സജി ജോർജ്ജ്

മല്ലപ്പള്ളി: പുറമറ്റം വെണ്ണിക്കുളം പെഗാസസ് ഫിറ്റ്നസ് സെന്ററിലെ ജീവനക്കാരനായ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിലായി. നാലാം പ്രതി മഹാരാഷ്ട്ര റൈകൺ, പൺ വെൽ താലൂക്ക് ആകുർലി തുൽസി വിഹാർ ഫ്ളാറ്റ് നമ്പർ 202ൽ നിന്നും പുറമറ്റം പടുതോട് വാടകയ്ക്ക് താമസിക്കുന്ന സനു സജി ജോർജ്ജ് (24), അഞ്ചാം പ്രതി പുറമറ്റം പടുതോട് മരുതുകാലായിൽ വീട്ടിൽ കക്കു എന്ന ഷഹനാസ് (28) എന്നിവരാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. എറണാകുളത്തു നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തെളളിയൂർ കോളഭാഗം വേലംപറമ്പിൽ വീട്ടിൽ അലൻ റോയി (19)ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഈ മാസം ഒന്നിന് വൈകിട്ട് 6.30നാണ് സംഭവം. സ്ഥാപനത്തിൽ പരിശീലനത്തിനുവന്ന ഒന്നാം പ്രതിയോട് ലഹരി വസ്തുക്കൾ ഉപയോഗിക്കരുതെന്ന് പറഞ്ഞതാണ് ആക്രമണത്തിന് കാരണം. പുറത്തുവന്നാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം പ്രതികൾ സ്ഥലം വിട്ടു. ആദ്യം അറസ്റ്റിലായ സുധീർ മണൽ കടത്ത്, ദേഹോപദ്രവം ഏൽപ്പിക്കൽ, ഗാർഹിക പീഡനം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. സയന്റിഫിക് അസ്സിസ്റ്റന്റിന്റും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. പ്രതികൾ ആക്രമിക്കാൻ ഉപയോഗിച്ച ഇരുമ്പ് ബാർ, ഹെൽമറ്റ്, ബെൽറ്റ്, എന്നിവയും പൊലീസ് കണ്ടെടുത്തു. ഒന്നും രണ്ടും പ്രതികൾ ഒളിവിലാണ്