ശബരിമല റോപ് വേയ്ക്ക് അന്തിമാനുമതി വൈകില്ല
ശബരിമല : ശബരിമല റോപ് വേ സംബന്ധിച്ച അന്തിമ അനുമതി ഒക്ടോബറിൽ ചേരുന്ന ദേശീയ വന്യജീവി ബോർഡ് നൽകുമെന്ന് സൂചന ലഭിച്ചതോടെ പദ്ധതി വൈകീതെ നടപ്പാകുമെന്ന് ഉറപ്പായി. പദ്ധതി പ്രദേശം സന്ദർശിച്ച് പരിശോധന നടത്താൻ ബോർഡ് യോഗം ഉന്നതസംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ഒഫ് നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫ് ഡൽഹിയിൽ ചേർന്ന 85-ാസിറ്റിംഗിലാണ് റോപ് വേ സംബന്ധിച്ച അജണ്ട പരിഗണിച്ചത്. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞാൽ ഒക്ടോബറിൽ ചേരുന്ന ബോർഡ് യോഗത്തിൽ വന്യജീവി ബോർഡിന്റെ അന്തിമ അനുമതി നൽകും. ഇതോടെ വനം വകുപ്പിന്റെ തത്വത്തിലുള്ള അംഗീകാരവും ( സ്റ്റേജ് വൺ) ലഭിക്കും. പദ്ധതിക്കായി എറ്റേടുക്കുന്ന വനഭൂമിക്ക് പകരം കൊല്ലം ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷനിലെ കട്ടിളപ്പാറ സെറ്റിൽമെന്റിൽ കണ്ടെത്തിയ 4.5336 ഹെക്ടർ റവന്യു ഭൂമി കൈമാറുന്നതോടെ സ്‌റ്റേജ് രണ്ട് പ്രവൃത്തികളും പൂർത്തിയാക്കി റോപ് വേയുടെ നിർമ്മാണത്തിന് തുടക്കം കുറിക്കാൻ കഴിയും.
വനംവകുപ്പിന്റെ ബാംഗ്ലൂർ സോണൽ ഓഫീസിൽ നിന്നാണ് അനുമതി ലഭിക്കേണ്ടത്. ഇതിനായി വനംവകുപ്പിന്റെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ചന്ദ്രശേഖർ പദ്ധതി പ്രദേശം സന്ദർശിച്ച് അന്തിമരൂപരേഖ തയ്യാറാക്കിയാണ് കേന്ദ്ര വനം വകുപ്പിന്റെ അംഗീകാരത്തിനായി സമർപ്പിച്ചത്. പദ്ധതി സംബന്ധിച്ച് കേന്ദ്രസംഘത്തിന് മുന്നിൽ വിശദീകരിക്കേണ്ടതും ചീഫ് കൺസർവേറ്ററാണ്.
ചരക്കുനീക്കം സുഗമമാകും
പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കാനും ആംബുലൻസ് സർവീസിനുമായി 2011ലാണ് റോപ് വേ പദ്ധതിക്ക് തുടക്കം കുറിച്ചത്. ബി.ഒ.ടി അടിസ്ഥാനത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ച പദ്ധതി പിന്നീട് പലവിധ കാരണങ്ങളാൽ നീണ്ടുപോയി. ഹൈക്കോടതിയുടെ ഇടപെടലുകളും വി.എൻ.വാസവൻ ദേവസ്വം മന്ത്രിയായി എത്തുകയും ചെയ്തതോടെയാണ് പദ്ധതിക്ക് ഗതിവേഗം വന്നത്. റോപ് വേ വരുന്നതോടെ ചരക്കുനീക്കം സുഗമമാകും. അടിയന്തര ഘട്ടങ്ങളിൽ ആളുകളെ എത്തിക്കാനും കഴിയും.
പമ്പ ഹിൽ ടോപ്പിൽ നിന്ന് മാളികപ്പുറം പൊലീസ് ബാരക്കിന് സമീപംവരെ
2.7 കിലോമീറ്റർ നീളം
5 ടവറുകൾ
150 മുതൽ 180 കോടി രൂപ വരെ ചെലവ് .
ഒരു സെക്കന്റിൽ മൂന്ന് മൂറ്റർ ദൂരം സഞ്ചരിക്കുന്ന കേബിളിൽ കൂടി ഒരേസമയം 60 ക്യാബിനുകൾ നീങ്ങും. ഒരു ക്യാബിനിൽ 500 കിലോവരെ ഭാരം കയറ്റാം. ഒരേസമയം 20,000 ടൺ സാധനങ്ങൾ സന്നിധാനത്തെത്തിക്കാം. സാധനങ്ങൾ സൂക്ഷിക്കാൻ പമ്പ ത്രിവേണി ഹിൽടോപ്പിലും മാളികപ്പുറത്തും ഓട്ടോമേറ്റഡ് വെയർ ഹൗസുകൾ നിർമ്മിക്കും.