വെസ്പയും ലാംബ്രട്ടയും ചേതക്കും വിജയ് സൂപ്പറും പിന്നെ സുജിത്തും

Friday 22 August 2025 10:03 PM IST

പത്തനംതിട്ട : യുവത്വത്തിന്റെ സ്വപ്നങ്ങളിൽ മോട്ടോർ സൈക്കിളിന്റെ ഇരമ്പൽ കുടിയേറിയ 1970 മുതൽ 2000 വരെയുള്ള കാലം തിരികെ എത്തുകയാണ് സുജിത്തിലൂടെ. കാലം വിസ്മൃതിയിലാക്കിയതും തനിക്കേറ്റവും പ്രിയപ്പെട്ടതുമായ വാഹനങ്ങൾ കൈപ്പിടിയിലാക്കിയപ്പോൾ ഐ.ടി കമ്പനിയിലെ ജോലി ഉപേക്ഷിക്കേണ്ടിവന്നെങ്കിലും ഈ യുവാവിന് നഷ്ടബോധം ഒട്ടുമില്ല. വാഹനങ്ങളോടുള്ള കമ്പം അറിയപ്പെടുന്ന മെക്കാനിക്കായി ഇന്ന് സുജിത്തിനെ മാറ്റി. 73 മോഡൽ വെസ്പ സൂപ്പർ 150, 78 മോഡൽ ലാംബ്രട്ട, 85 മോഡൽ വിജയ് സൂപ്പർ, ബജാജ് ചേതക്, പ്രിയ, കബ്, ബ്രാവോ തുടങ്ങിയ പഴയകാല രാജകീയ മോഡലുകളെല്ലാം സുജിത്തിന്റെ പക്കലുണ്ട്. കെ.ആർ.ബി, കെ.ആർ.പി, കെ.സി.ഇ, കെ.സി.ക്യു എന്നിങ്ങനെ മൺമറഞ്ഞുകൊണ്ടിരിക്കുന്ന രജിസ്ട്രേഷനുകളിലെ ഇരുചക്രവാഹനങ്ങൾ സുജിത്ത് നിരത്തിലിറക്കാറുമുണ്ട്. ഇവയുടെയെല്ലാം മെക്കാനിസവും സുജിത്തിന് വശമാണ്. അതുകൊണ്ടുതന്നെ നിരവധിയാളുകൾ പഴയകാലവാഹനങ്ങളുടെ പണിക്കായി സുജിത്തിനെ തേടിയെത്തുന്നു.

മൂന്ന് വർഷമായി കുടുംബവീടിന് മുമ്പിലാണ് മെക്കാനിക്ക് പണിയും വാഹനങ്ങളുടെ ശേഖരണവുമെല്ലാം. ആദ്യമൊക്കെ കുടുംബാംഗങ്ങളുടെ എതിർപ്പുണ്ടായെങ്കിലും പിന്നീട് സുജിത്തിന്റെ ആഗ്രഹത്തോട് അവരും അനുകൂലിച്ചു. പഴയ വാഹനങ്ങളുടെ പാർട്സ് നോർത്തിന്ത്യയിലെ ചില സ്ഥാപനങ്ങളിൽ നിന്ന് ഓൺലൈൻ വഴിയാണ് വരുത്തുന്നത്. ഇതിനായി ഓൺലൈൻ മാർക്കറ്റിംഗും ആരംഭിച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് അവയെത്തിച്ച് നൽകും. പത്തനംതിട്ട കൊടുന്തറ മലയിരിക്കുന്നതിൽ സുരേഷ് - സിജി ദമ്പതികളുടെ മകനാണ് സുജിത്ത്. സഹോദരി ശ്രീലക്ഷ്മി.

പഴയ വാഹനങ്ങൾക്ക് ടാക്സ് കൂടുതലാണ്. ഇഷ്ടംകൊണ്ട് പലരും ഉപയോഗിക്കുകയാണ്. പഴയകാല വാഹനങ്ങൾ ഉപയോഗിക്കുകയും സൂക്ഷിക്കപ്പെടുകയും ചെയ്യണം.

സുജിത്ത്