കളറാവും ഓണം കോഴിക്കോട് ആദ്യമായി രാജസ്ഥാനി നാടോടി ബാൻഡ്
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഓണാഘോഷം 'മാവേലിക്കസ് 2025 ന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ സെപ്തംബർ ഒന്നിന് രാജസ്ഥാനി നാടോടി ബാൻഡായ 'ദി മംഗാനിയാർ സെഡക്ഷൻ' സംഗീത ദൃശ്യ പരിപാടി അരങ്ങേറും. കോഴിക്കോട് ആദ്യമായാണ് ഇവർ പരിപാടി അവതരിപ്പിക്കുന്നത്. 31 മുതൽ സെപ്തംബർ ഏഴുവരെ ഒമ്പത് വേദികളിലായാണ് ഓണാഘോഷ പരിപാടികൾ.
പ്രശസ്ത ഇന്ത്യൻ നാടക സംവിധായകനും നാടകകൃത്തുമായ റോയിസ്റ്റൺ ആബേലിന്റെ സംവിധാനത്തിൽ രാജസ്ഥാനിലെ മംഗനിയാർ സമുദായക്കാരായ 43 സംഗീതജ്ഞർ പരമ്പരാഗത നാടോടി, സൂഫി സംഗീതം അവതരിപ്പിക്കുന്ന ദൃശ്യ ശ്രാവ്യ സ്റ്റേജ് ഷോയാണ് 'ദി മാംഗനിയാർ സെഡക്ഷൻ'. ചുവപ്പ് തിരശ്ശീലയിട്ട് തിളങ്ങുന്ന 33 'മാന്ത്രിക അറകളി' ലായാണ് വേദിയിൽ സംഗീതജ്ഞർ അണിനിരക്കുക. തട്ടുകളിലായി സജ്ജീകരിച്ച അറകളുടെ തിരശ്ശീല ഒന്നിനു പുറകെ ഒന്നായി നീങ്ങുന്നതിനൊപ്പം സംഗീതവും ഉയരും. വെളിച്ചവും സംഗീതവും താളത്തിൽ സമന്വയിക്കുന്ന മംഗാനിയാർ അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ മാസ്മരിക ലോകത്തെത്തിക്കും.
സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിന്റെയും നേതൃത്വത്തിലാണ് മാവേലിക്കസ് 2025 സംഘടിപ്പിക്കുന്നത്. പൂക്കളമത്സരത്തോടെയാണ് മാവേലിക്കസിന് തുടക്കം. തുടർന്ന് ഏഴ് ദിവസങ്ങളിൽ കോഴിക്കോട് ബീച്ച്, ലുലുമാൾ, ബട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗൺ ഹാൾ, ബേപ്പൂർ ബീച്ച്, സർഗാലായ ക്രാഫ്റ്റ് വില്ലേജ് എന്നിവിടങ്ങളിലായി വ്യത്യസ്ത കലാപരിപാടികൾ അരങ്ങേറും.