ഷൊർണൂർ - നിലമ്പൂർ റോഡ് രാത്രി മെമു ഇന്ന് മുതൽ
ഷൊർണൂർ: യാത്രക്കാരുടെ ദീർഘകാല കാത്തിരിപ്പിന് വിരാമം കുറിച്ച് ഷൊർണൂർ-നിലമ്പൂർ പാതയിൽ രാത്രികാല മെമു(06325-26) ഇന്ന് സർവീസ് ആരംഭിക്കും.ഇന്ന് രാത്രി 8.35ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. 835ന് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന കന്നി സർവീസ് രാത്രി 10.05ന് നിലമ്പൂരിലെത്തും. പുലർച്ചെ 3.40ന് നിലമ്പൂരിൽ നിന്നു പുറപ്പെടുന്ന മടക്ക സർവീസ് 4.55ന് ഷൊർണൂരിലെത്തും. മടക്ക യാത്രയിൽ വാണിയമ്പലത്തും അങ്ങാടിപ്പുറത്തും മാത്രമേ സ്റ്റോപ്പ് ഉണ്ടായിരിക്കുകയുള്ളു. ഈ ട്രെയിൻ പിന്നീട് കണ്ണൂരിലേക്ക് സർവീസ് നടത്തും. രാത്രി പുതിയ ട്രെയിൻ ആരംഭിച്ച പശ്ചാത്തലത്തിൽ നിലവിൽ രാത്രി 8.15ന് സർവീസ് നടത്തിയിരുന്ന ഷൊർണൂർ-നിലമ്പൂർ റോഡ്(56613-14) ട്രെയിനിന്റെ സമയക്രമം ഇന്നു മുതൽ ഒരു മണിക്കൂർ നേരത്തെയായിക്കിയിട്ടുമുണ്ട്. ഈ ട്രെയിൻ രാത്രി 7.10ന് ഷൊർണൂരിൽ നിന്ന് പുറപ്പെട്ട് 8.50ന് നിലമ്പൂരിലെത്തും. നിലവിൽ രാത്രി 8.05നു നിലമ്പൂരിൽ നിന്നുള്ള മെമു ഇന്ന് മുതൽ 8.15നു പുറപ്പെട്ട് രാത്രി 9.45ന് ഷൊർണൂരിലെത്തും.
എറണാകുളം-ഷൊർണൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്ന മെമു ആണ് ഇന്നു മുതൽ നിലമ്പൂരിലേക്ക് രാത്രി ട്രെയിനായി സർവീസ് നടത്തുന്നത്. വൈകിട്ട് 5.40ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന മെമു നിലമ്പൂരിലേക്ക് നീട്ടുന്നത് ഇവിടെ നിന്ന് എറണാകുളം, തൃശൂർ ഭാഗങ്ങളിൽ ജോലിക്കും മറ്റുമായി പോകുന്നവർക്ക് ഏറെ ആശ്വാസകരമാകും. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസിൽ ഷൊർണൂരിലിറങ്ങുന്ന യാത്രക്കാർക്കും ഈ ട്രെയിനിൽ നിലമ്പൂരിലേക്ക് യാത്ര സാദ്ധ്യമാകും. രാത്രി നിലമ്പൂർ ഭാഗത്തേക്ക് ഏറ്റവും കൂടുതൽ യാത്രക്കാർ വന്നിറങ്ങുന്ന ട്രെയിൻ കൂടിയാണ് എക്സിക്യൂട്ടീവ് എക്സ്‌പ്രസ്.
സമയക്രമം:
ട്രെയിൻ നമ്പർ(06326)- ഷൊർണൂർ(രാത്രി 8.35), വല്ലപ്പുഴ(8.49), കുലുക്കല്ലൂർ(8.54), ചെറുകര(09.01), അങ്ങാടിപ്പുറം(9.10), പട്ടിക്കാട്(9.17), മേലാറ്റൂർ(9.25), വാണിയമ്പലം(9.42), നിലമ്പൂർ റോഡ്(10.05).
ട്രെയിൻ നമ്പർ(06325)- നിലമ്പൂർ റോഡ്(പുലർച്ചെ 3.40), വാണിയമ്പലം(3.49), അങ്ങാടിപ്പുറം(4.24), ഷൊർണൂർ(4.55).
ട്രെയിൻ നമ്പർ(56613)- ഷൊർണൂർ(രാത്രി 7.10), വാടാനംകുറിശി ഹാൾട്ട്(7.17), വല്ലപ്പുഴ(7.22), കുലുക്കല്ലൂർ(7.28), ചെറുകര(07.35), അങ്ങാടിപ്പുറം(7.44), പട്ടിക്കാട്(7.51), മേലാറ്റൂർ(7.59), തുവ്വൂർ(8.96), വാണിയമ്പലം(8.18), നിലമ്പൂർ റോഡ്(8.50).
ട്രെയിൻ നമ്പർ(56613)- നിലമ്പൂർ റോഡ്(815), വാണിയമ്പലം(8.28), തുവ്വൂർ(8.39), മേലാറ്റൂർ(8.46), പട്ടിക്കാട്(8.54), അങ്ങാടിപ്പുറം(9.04), ചെറുകര(9.12), കുലുക്കല്ലൂർ(9.19), വല്ലപ്പുഴ(9.24), വാടാനംകുറിശ്ശി(9.30), ഷൊർണൂർ(9.45).