ഉപയോഗിക്കുന്നത് എത്ര വര്‍ഷം പഴക്കമുള്ള വാഹനമാണ്? ഫീസ് കുത്തനെ കൂട്ടിയിട്ടുണ്ട്

Friday 22 August 2025 10:23 PM IST

തിരുവനന്തപുരം: വിപണിയില്‍ എത്ര പുതിയ മോഡല്‍ വാഹനങ്ങള്‍ ഇറങ്ങിയാലും പലര്‍ക്കും ഇന്നും താത്പര്യം പഴയ മോഡലുകള്‍ ഉപയോഗിക്കുന്നതിനോടാണ്. ചിലര്‍ക്ക് പഴയ മോഡല്‍ വാഹനങ്ങളുടെ വന്‍ ശേഖരം തന്നെയുണ്ടാകും. ഹോബിയായി വിന്റേജ് വാഹനങ്ങള്‍ ഉപയോഗിക്കുന്നവരും കുറവല്ല. എന്നാല്‍ ബുക്കും പേപ്പറും എല്ലാം ക്ലിയറാക്കി അത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ഇനി പഴയത് പോലെ എളുപ്പമാകില്ല. അതിന് കാരണമായതാകട്ടെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവും.

20 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കടുപ്പിക്കുകയാണ് കേന്ദ്രം. ഇതിന്റെ ആദ്യപടിയെന്നോണം രജിസ്‌ട്രേഷന്‍ ഫീസ് കുത്തനെ കൂട്ടിയിട്ടുണ്ട്. ഫീസ് ഇനത്തിലെ വര്‍ദ്ധനവ് ആകട്ടെ ഇരട്ടിയായിട്ടാണ് ഉയര്‍ത്തിയിരിക്കുന്നത്. 15 വര്‍ഷം കഴിഞ്ഞുള്ള റീ-രജിസ്‌ട്രേഷന്‍ ഫീസ് സംസ്ഥാന സര്‍ക്കാരും നേരത്തെ വര്‍ദ്ധിപ്പിച്ചിരുന്നു. 50 ശതമാനം ഫീസ് വര്‍ദ്ധനവാണ് 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയിട്ടുള്ളത്.

രജിസ്‌ട്രേഷന്‍ ഫീസിന് പുറമേ റീടെസ്റ്റിന് ഹാജരാക്കുമ്പോള്‍ വണ്ടിക്ക് ചെയ്യേണ്ടി വരുന്ന അറ്റകുറ്റപ്പണി, പെയിന്റിംഗ് എന്നിവയ്ക്ക് ചെലവാക്കേണ്ടി വരുന്ന തുകയും ഒപ്പം രജിസ്‌ട്രേഷന്‍ ഫീസും കൂടിയാകുമ്പോള്‍ അത് ഒരു വലിയ തുകയായി മാറും. അങ്ങനെ വരുമ്പോള്‍ പലര്‍ക്കും പഴയ വാഹനങ്ങള്‍ പൊളിച്ച് വില്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളുണ്ടാകില്ല. പുതിയ ഉത്തരവ് പ്രകാരം മോട്ടോര്‍ സൈക്കിള്‍ 2000 രൂപ, ഓട്ടോറിക്ഷ 5000 രൂപ, കാര്‍ 10,000 രൂപ, ഇറക്കുമതി ചെയ്ത ഇരുചക്ര, മുചക്ര വാഹനം 20,000, ഇറക്കുമതി ചെയ്ത കാര്‍ 80,000 രൂപ എന്നിങ്ങനെയാണു നിരക്ക്. ഉടന്‍ പ്രാബല്യത്തില്‍ വരുന്ന വിധം ടെസ്റ്റിങ് ഫീസ് നിശ്ചയിച്ച ഉത്തരവാണ് ഇറക്കിയത്.