കേരള ഏവിയേഷൻ സമ്മിറ്റിന് ഇന്ന് തുടക്കം
നെടുമ്പാശേരി: ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി (എഫ്.ഐ.സി.സി.ഐ) സഹകരിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവള ലിമിറ്റഡ് (സിയാൽ) സംഘടിപ്പിക്കുന്ന പ്രഥമ 'കേരള ഏവിയേഷൻ സമ്മിറ്റ് 2025' ന് നെടുമ്പാശേരിയിൽ ഇന്ന് തുടക്കമാകും. വൈകിട്ട് 5.30ന് സിയാൽ ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചകോടി ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകും. ആഗോള വ്യോമയാന രംഗത്തെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി മികച്ച വളർച്ച നേടാനാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്. എയർലൈൻ പ്രതിനിധികൾ, സാങ്കേതിക വിദഗ്ദ്ധർ, നിക്ഷേപകർ, കേന്ദ്ര വ്യോമയാന മന്ത്രാലയം, റെഗുലേറ്ററി ഏജൻസികൾ, എയർലൈനുകൾ, കാർഗോ ഓപ്പറേറ്റർമാർ, വ്യോമയാന വിദഗ്ദ്ധർ തുടങ്ങിയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. നാളെ ഉച്ചയ്ക്ക് സമാപന സമ്മേളനം കൊച്ചി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
സിയാലിലെ പുതിയ എയർപോർട്ട് ഹെൽത്ത് ഓഫീസ് (എ.പി.എച്ച്.ഒ) കെട്ടിടവും മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, സിയാൽ എം.ഡി എസ്. സുഹാസ് എന്നിവർ പങ്കെടുക്കും.