ഓണം ആഘോഷമാക്കാൻ കൺസ്യൂമർഫെഡ് ആനുകൂല്യ പെരുമഴ
സബ്സിഡിയോടെ 13 ഇനങ്ങൾ
ഓണം വിപണി 26 മുതൽ, 1800 ഓണച്ചന്തകൾ
കൊച്ചി: സബ്സിഡി നിരക്കിൽ 13 ഇനം അവശ്യ സാധനങ്ങളുമായി കൺസ്യൂമർഫെഡിന്റെ സഹകരണ ഓണം വിപണി 26ന് ആരംഭിക്കും. സെപ്തംബർ നാലുവരെയാണ് വിപണി. ത്രിവേണി സൂപ്പർമാർക്കറ്റുകൾ, ജില്ലാ മൊത്ത വ്യാപാര സഹകരണ സ്റ്റോറുകൾ, പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ, പിന്നാക്ക മേഖലയിൽ പ്രവർത്തിക്കുന്ന എസ്.സി-എസ്.ടി സംഘങ്ങൾ, ഫിഷർമെൻ സഹകരണ സംഘങ്ങൾ എന്നിവയിലൂടെ 1,800 പ്രത്യേക വിപണന കേന്ദ്രങ്ങളാണുള്ളത്. സബ്സിഡി, നോൺ സബ്സിഡി ഇനങ്ങളിലായി 300 കോടി രൂപയാണ് വിൽപ്പന ലക്ഷ്യം.
പൊതുമാർക്കറ്റിനേക്കാൾ 30 മുതൽ 50 ശതമാനംവരെ വിലക്കുറവുള്ള 13 ഇനങ്ങളോടൊപ്പം സബ്സിഡി ഇല്ലാതെ പൊതുമാർക്കറ്റിനേക്കാൾ 10 മുതൽ 40 ശതമാനംവരെ വിലക്കുറവിൽ മറ്റ് നിത്യോപയോഗ സാധനങ്ങളും ലഭ്യമാക്കും. സഹകരണ സ്ഥാപനങ്ങൾ നേരിട്ട് ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ
ലിറ്ററിന് 349രൂപയ്ക്ക് ലഭ്യമാക്കും.
13 ഇനങ്ങളും കിലോ വിലയും (പൊതു വിപണിയിലെ വില രൂപയിൽ)
* ജയ അരി: 33 (47) * കുറുവ അരി: 33 (47) * കുത്തരി: 33 (47) * പച്ചരി: 29 (42) * പഞ്ചസാര: 34 (45) * ചെറുപയർ: 90 (127) * വൻകടല: 65 (110) * ഉഴുന്ന്: 90 (126) * വൻപയർ: 70 (99) * തുവരപ്പരിപ്പ്: 93 (130) * മുളക്: 115 (176) * മല്ലി (500 ഗ്രാം): 40.95 (59) * വെളിച്ചെണ്ണ (ലിറ്റർ): 349 (510)
* ആകെ സബ്സിഡി നിരക്ക്: 1270.10(കിറ്റൊന്നിന്)
* പൊതുവിപണി വില: 1843
* വ്യത്യാസം: 572.9