ജീവനക്കാരുടെ വായ്പാ തിരിച്ചടവ് മുടങ്ങിയാൽ 2% റിക്കവറി ഫീസ്

Saturday 23 August 2025 12:00 AM IST

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ വായ്പയെടുത്തോ, വായ്പയ്ക്ക് ജാമ്യം നിന്നോ തിരിച്ചടവ് മുടങ്ങിയാൽ ശമ്പളത്തിൽ നിന്ന് പിടിക്കാനുള്ള തുകയുടെ 2% റിക്കവറി ഫീസ് ആയി ഇൗടാക്കും. ഇതുൾപ്പെടുത്തി പുതിയ റിക്കവറി മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. ജീവനക്കാരുടെ മൊത്തം ശമ്പളത്തിന്റെ മൂന്നിൽ ഒരുഭാഗത്തിൽ കൂടുതൽ വരുന്ന തുകവരെ പിടിക്കാൻ ശമ്പളവിതരണ ചുമതലയുള്ള ഉദ്യോഗസ്ഥന് അനുമതി നൽകി.

എന്നാൽ, പിഴത്തുക ശമ്പളത്തിൽ നിന്ന് പിടിക്കില്ല. അതിന്റെ ചുമതല ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിനാണ്. സർക്കാർ മാർഗനിർദ്ദേശം പാലിക്കുന്നതിൽ ധനകാര്യസ്ഥാപനം വീഴ്ചവരുത്തിയാൽ ശമ്പളം പിടിക്കുന്നതിൽ നിന്ന് സർക്കാർ പിൻമാറും. ജീവനക്കാരുടെ വായ്പയും അവർ ജാമ്യം നിന്നിട്ടുള്ളതും തിരിച്ചടവ് മുടങ്ങിയിട്ടുണ്ടെങ്കിൽ അക്കാര്യവും ഡാറ്റാബേസിൽ ഉൾപ്പെടുത്തും. അത് സ്പാർക്ക് സോഫ്റ്റ്‌ വെയറിലും ചേർക്കും. സ്ഥലംമാറിപ്പോയാൽ അവിടത്തെ ശമ്പള വിതരണ ഉദ്യോഗസ്ഥനേയും വിവരം അറിയിക്കും. ഉത്തരവ് ഇന്നുമുതൽ പ്രാബല്യത്തിൽ വരും.