രാഹുലിനും ഷാഫിക്കുമെതിരെ പാലക്കാട് കോൺഗ്രസിൽ പടയൊരുക്കം
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കും, ഷാഫി പറമ്പിൽ എം.പിക്കുമെതിരെ പാലക്കാട് കോൺഗ്രസിൽ പടയൊരുക്കം. ഇരുവരും പൂരപ്പറമ്പിലെ പോക്കറ്റടിക്കാരെ പോലെയാണെന്നും ഉപതിരഞ്ഞെടുപ്പ് സമയത്തെത്തിയത് വലിയ ഫണ്ടാണെന്നും വിമർശനമുയർന്നു. ഈ തുക എന്തു ചെയ്തെന്ന് ഇവർ വ്യക്തമാക്കണം. എം.എൽഎയായ ശേഷം രാഹുൽ വാങ്ങിയ കാറിന് പൈസ എവിടെ നിന്നാണ് ലഭിച്ചത്. രാഹുലിന്റെ സ്ഥാനാർത്ഥിത്വം എതിർത്തത് സ്വഭാവ ദൂഷ്യം കൊണ്ട് കൂടിയാണെന്നും പാർട്ടിയിൽ
ആക്ഷേപമുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ പദവി രാജി വയ്ക്കേണ്ടി വന്നതിന് പിന്നാലെയാണ് ഷാഫിക്കെതിരെയും പാർട്ടിയിൽ പടനീക്കം ശക്തമായത്. രാഹുലിനെ ഇക്കാലമത്രയും സംരക്ഷിച്ചത് ഷാഫി പറമ്പിലാണ്. പാലക്കാട്ടെ ഒരു വിഭാഗം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിന് പരാതി നൽകി.
പാലക്കാട് നിയമസഭാ ഉപ തിരഞ്ഞെടുപ്പിൽ രാഹുലിനെ സ്ഥാനാർത്ഥിയാക്കാൻ നേതൃത്വത്തിനുമേൽ സമ്മർദ്ദം ചെലുത്തിയത് ഷാഫിയായിരുന്നു. ഡി.സി.സി പ്രസിഡന്റ് ഉൾപ്പെടെ ജില്ലയിലെ മുതിർന്ന നേതാക്കൾ കെ.മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സിക്ക് കത്ത് നൽകിയിട്ടും അതൊന്നും പരിഗണിക്കാതെയാണ് രാഹുലിനെ സ്ഥാനാർത്ഥിയാക്കിയതെന്നും പ്രവർത്തകർ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുയർന്നിട്ടും ഷാഫി പറമ്പിൽ എം.പി ഇതു വരെ പ്രതികരിച്ചിട്ടില്ല.
രാഹുലിനെതിരെ പൊലീസ് തിടുക്കപ്പെട്ട് കേസെടുക്കില്ല
കൊച്ചി: നിർബന്ധിത ഗർഭഛിദ്രത്തിന് യുവതിയെ പ്രേരിപ്പിച്ചെന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെയുള്ള പരാതിയിൽ പൊലീസ് തിടുക്കപ്പെട്ട് കേസെടുക്കില്ല. മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്ന വാർത്തകൾക്കപ്പുറം പരാതിക്കാരന് കൂടുതൽ തെളിവ് ഹാജരാക്കാനായിട്ടില്ല. ഈ പരാതിയിന്മേൽ കേസെടുത്താൽ കോടതിയിൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നുള്ള നിയമോപദേശം ലഭിച്ചതിനെ തുടർന്നാണിത്.
കൂടുതൽ തെളിവുകൾ ഹാജരാക്കിയാൽ മാത്രം കേസെടുത്താൽ മതിയെന്നാണ് നിയമോപദേശം. അഭിഭാഷകനും സി.പി.എം അനുഭാവിയുമായ ഷിന്റോ സെബാസ്റ്റ്യനാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെയായിരുന്നു രാഹുലിനെതിരെ പരാതി നൽകിയത്. മാദ്ധ്യമങ്ങൾ പുറത്തുവിട്ട വാർത്തകളും പരാതിക്കൊപ്പം നൽകിയിരുന്നു.
ഗർഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നതാണ് രാഹുലിന്റെ പ്രവൃത്തിയെന്നും പുറത്തുവന്നിട്ടുള്ള ശബ്ദസന്ദേശങ്ങൾ പ്രകാരം ഗുരുതര വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് ചെയ്തിട്ടുള്ളതെന്നുമായിരുന്നു പരാതി. രാഹുലിനെതിരെ ഷിന്റോ സെബാസ്റ്റ്യൻ ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്.
രാഹുൽ എം.എൽ.എ സ്ഥാനം ഒഴിയേണ്ടെന്ന് പാർട്ടിയിൽ ധാരണ
□പുതിയ പ്രസിഡന്റിനെച്ചൊല്ലി വടംവലി തിരുവനന്തപുരം: ലൈംഗികാരോപണ ചെളിക്കുണ്ടിൽ വീണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവി രാജി വയ്ക്കേണ്ടി വന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം തത്കാലം രാജി വയ്ക്കേണ്ടതില്ലെന്ന് കോൺഗ്രസിൽ ധാരണ. രാഹുൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് ധാർമികതയുടെ പരിവേഷം നൽകിയെങ്കിലും, എം.എൽ.എ പദവി ഉപേക്ഷിച്ചാൽ രാഷ്ട്രീയമായി അത് ക്ഷീണമാവുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലവും നിജസ്ഥിതിയും അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനും കെ.പി.സി.സി നേതൃത്വം ആലോചിക്കുന്നു. ഇന്നലെയും രാഹുലിനെതിരെ ലൈംഗികാരോപണവുമായി മറ്റൊരു പെൺകുട്ടി രംഗത്തു വന്നു. യൂത്ത് കോൺഗ്രസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ രാഹുലിനെ എതിർത്തും അനുകൂലിച്ചുമുള്ളവരുടെ തമ്മിലടി രൂക്ഷമായതോടെ, വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഒൺലിയാക്കി. പാലക്കാട്ട് പൊതു പരിപാടികളിൽ നിന്ന് എം.എൽ.എയെ ഒഴിവാക്കി. രാഹുലിനെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഷാഫി പറമ്പിൽ എം.പിക്കുമെതിരെ കോൺഗ്രസിലെ ഒരു വിഭാഗം രഹസ്യ പടയൊരുക്കം തുടങ്ങി.നേരത്തെ നിലനിന്നിരുന്ന ഗ്രൂപ്പ് വൈരങ്ങളും വ്യക്തിപരമായ അസ്വാരസ്യങ്ങളും പ്രത്യക്ഷത്തിലല്ലെങ്കിലും ഈ പോരിൽ പ്രതിഫലിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസിന്റെ അദ്ധ്യക്ഷനെ ചൊല്ലിയുള്ള വടംവലിയും കൊഴുക്കുന്നു. സംസ്ഥാനത്ത് ഭരണമാറ്റത്തിന് അന്തരീക്ഷം തെളിയുകയും യു.ഡി.എഫിന് സാദ്ധ്യത കൽപ്പിക്കപ്പെടുകയും ചെയ്യുന്ന ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രതിസന്ധിയിൽ കോൺഗ്രസ് ഹൈക്കമാൻഡും അമർഷത്തിലാണ്. രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിൽ രാജി വേണ്ടെന്നാണ്കോൺഗ്രസ് നിലപാട്. സി.പി.എം എം.എൽ.എ മുകേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്ത സംഭവമാണ് പ്രതിരോധത്തിന് ഉയർത്തിക്കാട്ടുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രി എ.കെ.ശശീന്ദ്രനെതിരെ സമാന ആരോപണം വന്നപ്പോൾ മന്ത്രി സ്ഥാനം രാജി വച്ചെങ്കിലും എം.എൽ.എ പദവിയിൽ തുടർന്നു. രാഹുലുമായി ബന്ധപ്പെട്ട ആരോപണം നേരത്തെ അറിഞ്ഞെങ്കിലും വേണ്ട നടപടി സ്വീകരിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഷാഫി പറമ്പിൽ എം.പി യും ശ്രമിച്ചില്ലെന്ന ആരോപഡണം ഒരു വിഭാഗം ഉയർത്തുന്നുണ്ട്. താൻ നേരത്തെ അറിഞ്ഞിരുന്നില്ലെന്നും, തനിക്ക് പരാതി ലഭിച്ചിരുന്നില്ലെന്നുമാണ് വി.ഡി.സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാൽ ,ഷാഫി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല